എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ഇനി ഒറ്റ തണ്ടപ്പേര്
തിരുവനന്തപുരം: ആധാർ നമ്പർ ഭൂമിയുടെ തണ്ടപ്പേരുമായി ബന്ധിപ്പിക്കാൻ നിർദ്ദേശിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഇതോടെ, ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അവയ്‌ക്കെല്ലാം ഇനി ഒറ്റ തണ്ടപ്പേരായിരിക്കും.
വിവിധ വിലാസങ്ങളിൽ സംസ്ഥാനത്തെവിടെയും രജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ ഒറ്റ തണ്ടപ്പേരിൽ ഉൾക്കൊള്ളിക്കാനും പരിധിയിലേറെ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയും. നിലവിൽ ഭൂവുടമകൾക്ക് തണ്ടപ്പേരിന് പകരം 13 അക്കമുള്ള പുതിയ തണ്ടപ്പേരാകും ഇനി ലഭിക്കുക. കരമടയ്ക്കാൻ ചെല്ലുമ്പോൾ ഓരോരുത്തരുടെയും ആധാർ നമ്പർ കൂടി ചോദിച്ച് രേഖകളുമായി ബന്ധിപ്പിക്കും. ഇതിനായി പ്രത്യേക പ്രചാരണവും നടത്തും. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ച മാതൃകയിലുള്ള പ്രചാരണമാണ് റവന്യൂവകുപ്പ് നടത്തുക.
നിലവിൽ 15 ഏക്കറാണ് ഒരാൾക്ക് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമി. ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത തണ്ടപ്പേരുകൾ പ്രത്യേക വിഭാഗമാക്കി നിരീക്ഷിക്കും. ഇവർ ക്രമവിരുദ്ധമായ ഭൂമിയിടപാടുകൾ നടത്തുന്നുണ്ടോയെന്നാകും നിരീക്ഷിക്കുക. ഇവരുടെ പേരിൽ പരിധി കവിഞ്ഞുള്ള ഭൂമിയുണ്ടോയെന്നും പരിശോധിക്കും.