ഇതു വരെ ഇവൻ തെരുവു നായ,​ 'നന്ദി' ഇനി സ്വിറ്റ്സർലന്റിലേക്ക്

Monday 17 February 2020 12:01 AM IST

കൊല്ലം: മൂന്നാറിലെ വെറുമൊരു തെരുവു നായ്‌ക്കുട്ടിയായിരുന്നു രണ്ടു ദിവസം മുമ്പുവരെ ഇവൻ. ഒരു നിമിഷംകൊണ്ട് വിധി മാറിമറിഞ്ഞപ്പോൾ സ്വിറ്റ്സർലന്റിലേക്ക് താമസം മാറ്റുന്നതിനിടെ സ്വന്തമായി ഒരു പേരും കിട്ടി- നന്ദി! താമസിയാതെ ഇവൻ കേരളത്തോടു നന്ദി പറഞ്ഞ് വിമാനം കയറും.

ഒരു നായ്‌ക്കുട്ടിക്കു വേണ്ടിയല്ല സ്വിറ്റ്സർലന്റിൽ നിന്ന് ജോണിയും അലനും മൂന്നാറിലെത്തിയത്.കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെ ഒരു നായ്ക്കുട്ടിയുടെ കരച്ചിലിൽ ശ്രദ്ധയുടക്കി. മൃഗസ്നേഹികളായ ഇരുവരും നായ്‌ക്കുട്ടിയുമായി ഹോട്ടൽ മുറിയിലെത്തി,​ ഷാംപു തേച്ച് കുളിപ്പിച്ചപ്പോൾ കൂടുതൽ സുന്ദരൻ. താങ്ക്സ് എന്നതിന്റെ മലയാളവാക്ക് നന്ദി എന്നാണെന്ന് അലനും ജോണിക്കും അറിയാമായിരുന്നു. അങ്ങനെയായിരുന്നു പേരിടീൽ.

പക്ഷേ, നന്ദിയെ സ്വിറ്റ്സർലന്റിലേക്കു കൊണ്ടുപോകുന്നതിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. നായയുടെ ശരീരത്തിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കണം. പ്രതിരോധ കുത്തിവയ്പ്പെടുത്ത് 21 ദിവസം നിരീക്ഷണത്തിൽ താമസിപ്പിക്കണം. കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പായാലേ വിമാനം കയറാനാവൂ. മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്ന ആവശ്യവുമായി പല മൃഗാശുപത്രികളിലും കയറിയിറങ്ങിയെങ്കിലും നിരാശരായ ഇരുവർക്കും ഒടുവിൽ ആശ്രയമായത് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം. അവിടത്തെ ഡോക്ടർമാരായ അജിത് ബാബുവും രാജുവും ഷൈൻകുമാറും ആ ദൗത്യം ഏറ്റെടുത്തു. നായ്‌ക്കുട്ടിയെ കൊല്ലത്തെത്തിച്ച് മൈക്രോ ചിപ്പ് ഘടിപ്പിച്ച് അലനും ജോണിയും കൊച്ചിക്കു മടങ്ങി.

ഇരുവരും ഈ മാസം അവസാനത്തോടെ നാട്ടിലേക്കു മടങ്ങാനിരുന്നതാണെങ്കിലും നന്ദിക്കു വേണ്ടി മടക്കയാത്ര രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. യാത്രയ്ക്കു മുമ്പുള്ള ഇടവേളയിൽ സായിപ്പന്മാർക്കൊപ്പം നന്ദിക്ക് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ സുഖവാസം!