ആയൂരിൽ ക്രിസ്ത്യൻ ദേവാലയ വളപ്പ് മുസ്ലിങ്ങളുടെ പ്രാർത്ഥനാവേദിയായി

Monday 17 February 2020 12:07 AM IST

ആയൂർ: ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഭരണഘടന സംരക്ഷണ സമ്മേളനത്തിന് വേദിയായത് ആയൂർ സെന്റ മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയമൈതാനം. സമ്മേളനത്തിനിടെ മുസ്ലിം സഹോദരങ്ങൾക്ക് സായാഹ്ന പ്രാർത്ഥന നടത്താൻ ദേവാലയത്തിന്റെ മുൻവശവും ഇടനാഴികളും വിട്ടുകൊടുത്തു. ദൈവമാർഗ്ഗം സമാധാനത്തിന്റെയും പരസ്പര സഹകരണത്തിന്റേതുമാണെന്ന് ഫാദർ വിൻസന്റ് കാരിക്കൽ ചാക്കോ പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന സംരക്ഷിക്കാനും, രാജ്യത്തെ രക്ഷിക്കാനും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതുകൊണ്ടാണ് ദേവാലയം ഇത്തരം പ്രതിഷേധ സംഗമത്തിനു വിട്ടു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷണ സമ്മേളനത്തിൽ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കാർത്തിക് ശശി, ഏരൂർ ശംസുദ്ധീൻ മഅ്ദനി, ഷഹീർ മന്നാനി, എം. അൻസാറുദ്ദീൻ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.