നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ്.ഐ സാബു അറസ്റ്റിൽ

Monday 17 February 2020 10:22 AM IST

കട്ടപ്പന: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി മുൻ എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 2019 ജൂൺ 21നു മരിച്ചെന്നാണ് കേസ്. രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായി എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഉരുട്ടിക്കൊലയാണ് എന്ന ആരോപണവും ഉയർന്നു.