നടവരവായി ലഭിച്ച സ്വർണാഭരണങ്ങൾ പണമാക്കാൻ ദേവസ്വം ബോർഡ് നീക്കം, നിക്ഷേപിക്കുന്നത് റിസർവ് ബാങ്ക് ബോണ്ടിൽ

Tuesday 18 February 2020 12:12 PM IST

ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണാഭരണങ്ങൾ റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച് പണമാക്കി മാറ്റാൻ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. പരമ്പരാഗത തിരുവാഭരണങ്ങൾ ഒഴിച്ചുള്ള സ്വർണം, വെള്ളി ഉരുപ്പടികളാണ് ബോണ്ടാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം, വെള്ളി ശേഖരം മൂല്യം നിർണയിച്ച് അളന്ന് തിട്ടപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവായി.

കാലങ്ങളായി ഭക്തർ നടയ്ക്കുവച്ച കോടിക്കണക്കിന് രൂപയുടെ സ്വർണം, വെള്ളി ഉരുപ്പടികളാണ് ദേവസ്വം ബോർഡിന്റെ വിവിധ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആറന്മുളയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ ഉരുപ്പടികളിൽ ഒരു ഭാഗം എടുത്ത് ഉരുക്കിയാണ് ശബരിമലയിൽ സ്വർണക്കൊടിമരം പുതുക്കി നിർമ്മിച്ചത്. ഇതിനായ് 9 കിലോ സ്വർണമാണ് അന്ന് ഉപയോഗിച്ചത്.


ഏതാനും വ‌‌ർഷങ്ങൾക്കു മുൻപ് അമ്പലപ്പുഴയിൽ ദേവന്റെ തിരുവാഭരണത്തിന്റെ ഭാഗമായ സ്വർണ പതക്കം മോഷണം പോയിരുന്നു. ഇതേ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം, വെള്ളി ശേഖരത്തിന്റെ എല്ലാ വിവരങ്ങളും ഡിജിറ്റൽ രേഖയാക്കാൻ ബോർഡ് തീരുമാനിച്ചു. എന്നാൽ, വർഷങ്ങൾ പഴക്കമുള്ള തിരുവാഭരണങ്ങളുടെയും ഭക്തർ വഴിപാടായി നടയ്ക്കുവച്ച ചില അപൂർവ ഉരുപ്പടികളുടെയും മൂല്യം കണക്കാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്ന് ഈ ഉദ്യമം ബോർഡ് ഉപേക്ഷിച്ചത്.

നിലവിൽ പരമ്പരഗതമായി ലഭിച്ച തിരുവാഭരണങ്ങളും ഭക്തർ നടയ്ക്കുവച്ച മൂല്യം തിട്ടപ്പെടുത്താൻ പ്രയാസമുള്ള അപൂർവ ഇനം ഉരുപ്പടികളും ഒഴിച്ചുള്ള സ്വർണം, വെള്ളി ശേഖരത്തിന്റെ മൂല്യം നിർണയിക്കാനാണ് പദ്ധതി. കോടാനുകോടി രൂപയുടെ സ്വർണം, വെള്ളി ശേഖരമാണ് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും സ്ട്രോംഗ് റൂമുകളിലുമായി സൂക്ഷിച്ചിരിക്കുന്നത്.