മെഡിക്കൽ കോളേജ് സൂപ്പർ.....! ജീവൻ തിരികെ തന്നത് പതിനൊന്നാം തവണ

Thursday 20 February 2020 2:37 AM IST

തിരുവനന്തപുരം: പതിനൊന്നാം തവണയും പാമ്പ് വിഷബാധയിൽ നിന്ന് രക്ഷിച്ച മെഡിക്കൽ കോളേജിനെ അഭിനന്ദിച്ച് വാവ സുരേഷ്.

മെഡിക്കൽ കോളേജ് സൂപ്പറാടാ.....!ചികിത്സ അത്യുഗ്രൻ. പാമ്പ് കടിയേറ്റതിന്റെ ചികിത്സയുടെ അപകടഘട്ടമെല്ലാം തരണം ചെയ്ത് ഐ. സി.യു.വിൽ നിന്ന് വാർഡിൽ തിരിച്ചെത്തിയപ്പോഴാണ് വാവ മെഡിക്കൽ കോളേജിനെ അഭിനന്ദിച്ചത്.

മരണവും ആരോഗ്യവുമടക്കം നിരവധി വ്യാജവാർത്തകൾ പ്രചരിച്ചിടത്തു നിന്നാണ് സുരേഷ് ഇത്തവണ പതിവിലും ഉൗർജ്ജത്തോടെ തിരികെയെത്തുന്നത്. 13ന് പത്തനംതിട്ട കലഞ്ഞൂര് ഇടത്തറയിലെ ഒരു വീട്ടിൽ നിന്ന് പിടിച്ച അണലിയുമായി തിരികെ വരവെ വെള്ളം കുടിക്കാൻ നിറുത്തിയപ്പോഴായിരുന്നു ഇക്കുറി കടിയേറ്റത്.

കഴിഞ്ഞ പത്തു തവണയും തനിക്ക് ചികിത്സ സൗജന്യമായിരുന്നില്ല. എന്നാൽ ഇത്തവണ ആരോഗ്യവകുപ്പ്, പ്രത്യേകിച്ച് മന്ത്രി കെ.കെ.ശെെലജ ഇടപെട്ട് നൽകിയത് വി.വി.ഐ.പി ചികിത്സയായിരുന്നു. അതും സൗജന്യമായി. എല്ലാദിവസവും മന്ത്രി ഡോക്ടറുമായി സംസാരിച്ചിരുന്നു. തന്റെ ആരോഗ്യം വീണ്ടെടുക്കാൻ അക്ഷീണം പ്രവർത്തിച്ച ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, നേഴ്സുമാർ മറ്റ് ജീവനക്കാർക്കെല്ലാം നന്ദി അറിയിക്കുന്നതായും സുരേഷ് പറഞ്ഞു.