അവിനാശി അപകടം: ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്: ലൈസൻസും റദ്ദാക്കും

Friday 21 February 2020 8:19 AM IST

തിരുപ്പൂർ: കോയമ്പത്തൂർ-സേലം ദേശീയപാതയിൽ അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനെ തുടർന്നാണ് കേസ്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാൾ എട്ട് മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങിയിരുന്നു. പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. പുലർച്ചെയായതിനാൽ ഡ്രൈവർ ഉറങ്ങിപ്പോകാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. ഇയാളെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ലോറി ഇടിച്ചുകയറിയുണ്ടായ ദുരന്തത്തിൽ മരിച്ച അഞ്ച് സ്ത്രീകളുൾപ്പെടെ 19 പേരും മലയാളികൾ. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചവരിൽ ഉൾപ്പെടുന്നു. കേരളത്തിലെ പൊതുഗതാഗത ബസ് സർവീസിന്റെ ജന്മദിനമായ ഇന്നലെ പുലർച്ചെ 3.25നാണ് അപകടം. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുൻഭാഗത്തേക്ക്, എതിർഭാഗത്തുന്നിന്ന് വൺവേ തെറ്റിച്ച്, ഡിവൈഡറിൽ തട്ടി തെറുച്ചുവന്ന ലോറി ഇടിത്തീപോലെ പതിക്കുകയായിരുന്നു. കൊച്ചി വല്ലാർപാടം ടെർമിനലിൽ നിന്നു ടൈൽ നിറച്ചു പോയതാണ് ലോറി.

പരിക്കേറ്റ 25 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പോസ്റ്റുമോർട്ടം പൂർത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തിൽപ്പെട്ടവരുടെ സാധനസാമഗ്രികൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.