കീഴ്ക്കോടതി ജഡ്ജിമാർക്ക് ഹൈക്കോടതി മാർക്കിടും, ലക്ഷ്യം കരുത്തുറ്റ നീതിന്യായം, സ്ഥാനക്കയറ്റം ഉയർന്ന മാർക്കുള്ളവർക്ക്

Saturday 22 February 2020 12:28 AM IST

കൊല്ലം: കീഴ്ക്കോടതികളിലെ ന്യായാധിപൻമാരെ വിലയിരുത്താനും അവരുടെ വിധികൾ നീതിയുക്തമാണെങ്കിൽ മാത്രം ഭാവിയിൽ സ്ഥാനക്കയറ്റം നൽകാനും ഹൈക്കോടതി തീരുമാനം.

സബ് ജഡ്ജിമാർക്കും ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടുമാർക്കും ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകുന്നത് ഇത്തരം വിശകലനത്തിന് ശേഷമായിരിക്കും. ജഡ്ജിമാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളും ഇതിന്റെ അടിസ്ഥാനത്തിലാവും തയ്യാറാക്കുക.1961ലെ കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് റൂൾസിലെ 2 (1) വകുപ്പ് ഭേദഗതി ചെയ്യാനുള്ള തീരുമാനം വിശദമായി പരിശോധിക്കവെയാണ്, നീതിന്യായ ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി ഉറപ്പാക്കുന്നതിന് നടപടിക്രമങ്ങളിൽ സമഗ്ര മാറ്റത്തിന് ഹൈക്കോടതി തീരുമാനിച്ചത്.

സ്ഥാനക്കയറ്റത്തിനാണ് പുതിയ രീതിയെങ്കിലും നീതിന്യായ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി നടപ്പാക്കുകയാണ് ലക്ഷ്യം. ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുന്നതും ഒഴിവാക്കണം. പല വിധികളിലും അപ്പീലുകൾ കുന്നുകൂടുന്നതും വിമർശന വിധേയമാവുന്നതും ഹൈക്കോടതിയെ സ്വാധീനിച്ചിട്ടുണ്ട്. കീഴ്ക്കോടതി വിധികൾ ഇതോടെ കൂടുതൽ ശ്രദ്ധേയമാവും. സൂക്ഷ്മതയും കൃത്യതയും ഉണ്ടാവും.

ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ തന്റെ ഏത് വിധികളാണ് വേണ്ടതെന്ന് ന്യായാധിപൻമാർക്ക് തീരുമാനിക്കാം. രണ്ട് വിധികൾ വേണം. ഒന്ന് ക്രിമിനൽ കേസിലും മറ്റൊന്ന് സിവിൽ കേസിലും. സിവിൽ കേസിൽ പണസംബന്ധമായത് ക്രിമിനൽ പശ്ചാത്തലമുള്ളതായി പരിഗണിക്കാം.

8 കാര്യങ്ങൾ വിലയിരുത്തും

1. നിയമത്തിൽ വിദഗ്ദ്ധമായ അറിവ്

2. നടപടിക്രമങ്ങളിലെ വിജ്ഞാനം

3. യഥാർത്ഥ പ്രശ്‌നം കണ്ടെത്താനുള്ള കഴിവ്

4. നിയമവും നടപടികളും കേസിൽ ഉപയോഗിക്കാനുള്ള കഴിവ്

5.വിധിയിലും ചിന്തയിലുമുള്ള വ്യക്തത

6. സുവ്യക്തമായി വിധി ചമയ്ക്കാനുളള കഴിവ്

7. വിധിയിലെ ഭാഷയും വിധിയുടെ അന്തഃസത്തയും

8.വാദങ്ങളും പ്രതിവാദങ്ങളും വിധിയെ ന്യായീകരിക്കുന്നുണ്ടോ?

40 മാർക്ക് എട്ട് കാര്യങ്ങളിൽ. ഓരോന്നിനും അഞ്ച് മാർക്ക് വീതം. മൊത്തം 40 മാർക്ക്. 20 മാർക്കെങ്കിലും ലഭിക്കാത്തവർക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിക്കില്ല. കോൺഫിഡൻഷ്യൽ റിപ്പോർട്ടിനെയും അത് ബാധിക്കും.

'ഹൈക്കോടതിയുടെ തീരുമാനം തത്വത്തിൽ നല്ലതാണ്. പക്ഷേ, ഇത് സുതാര്യമായി നടപ്പാക്കണം. ശാസ്ത്രീയവും സത്യസന്ധവും വിമർശനാതീതവുമായി വേണം വിധികൾ വിശകലനം ചെയ്യപ്പെടേണ്ടത്'.

-കാളീശ്വരം രാജ്

(പ്രമുഖ അഭിഭാഷകൻ)