പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക് ,​ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തിതീർക്കാൻ ശ്രമം : അവിനാശി അപകടത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി

Saturday 22 February 2020 9:55 AM IST

തിരുവനന്തപുരം: അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ലോറി ഡ്രൈവർക്കാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ടെന്നും,​ എന്നാൽ അപകട കാരണം ടയർ പൊട്ടിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു. അപകടം ഉണ്ടാക്കിയ ലോറിയുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്നയർ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ലോറി ഇടിച്ചു കയറിയുണ്ടായ ദുരന്തത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയാണ് 19 പേർ മരിച്ചത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുൻഭാഗത്തേക്ക്, എതിർഭാഗത്തുന്നിന്ന് വൺവേ തെറ്റിച്ച്, ഡിവൈഡറിൽ തട്ടി തെറുച്ചുവന്ന ലോറി ഇടിത്തീപോലെ പതിക്കുകയായിരുന്നു. കൊച്ചി വല്ലാർപാടം ടെർമിനലിൽ നിന്നു ടൈൽ നിറച്ചു പോയതായിരുന്നു ലോറി.