കല്ലട 'കൊല്ലട' തന്നെ: അപകടമുണ്ടായത് ഡ്രൈവറുടെ തോന്ന്യവാസം കാരണം, ബസിൽ ഗർഭിണി ഉണ്ടെന്ന് പറഞ്ഞിട്ടും ചെവികൊണ്ടില്ല, ആരോപണവുമായി യുവതി

Saturday 22 February 2020 9:51 PM IST

കൊച്ചി: ഇന്നലെ പുലർച്ചെ അപകടത്തിൽ പെട്ട 'കല്ലട' ബസിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി. ബസിന്റെ ഡ്രൈവർക്കെതിരെയാണ് ആരോപണവുമായി അമൃത മേനോൻ എന്ന യുവതി രംഗത്തെത്തിയത്. അമിത വേഗത്തിലാണ് ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ അതൊന്നും ഡ്രൈവർ ചെവിക്കൊള്ളാൻ തയാറായില്ലെന്നും അമൃത പറയുന്നു. ഒരു വീഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങൾ പറഞ്ഞത്.‌

അമൃതയുടെ വാക്കുകൾ:

'ഈയൊരു ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9:30യ്ക്കാണ് ബാംഗ്ലൂരിൽ നിന്നും എടുക്കുന്നത്. 9:30യ്ക്ക് ഞങ്ങളെല്ലാം ബസിൽ കയറി കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ ഇയാൾ ഓവർസ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങൾ കിടന്നിരുന്നത്. അതിനകത്തുള്ള പാസഞ്ചേഴ്‌സ് രണ്ടു മൂന്ന് പേർ ചെന്ന്ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു.'

'ഫാമിലിയും പ്രെഗ്നന്റ് ആയിട്ടുള്ള ലേഡിയും മറ്റുള്ളവരും ഉള്ള ബസാണ്, നിങ്ങൾ കുറച്ച് മെല്ലെ ഓടിക്കണമെന്ന്. അപ്പോൾ (അയാൾ) പറഞ്ഞു 'നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിത്' എന്ന് പറഞ്ഞ് അവരെ തിരിച്ചുവിട്ടു. അതിനുശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. അറിഞ്ഞിട്ടില്ല എന്താണ് ഉണ്ടായതെന്ന്.'

അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പേ വീണ്ടും ബസ് അപകടത്തിൽപ്പെട്ട് ഇന്നലെ പുലർച്ചെയാണ് ഒരു മലയാളി യുവതി മരിച്ചത്. ബംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസായിരുന്നുഅപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ സ്വദേശി ഷെറിൻ (20) ആയിരുന്നു അപകടത്തിൽ മരണപ്പെട്ടത്. 20 യാത്രക്കാർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

മൈസൂരു ഹുൻസൂരിൽ പുലർച്ചെ നാലിനാണ് സംഭവം നടന്നത്. ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗത കാരണമാണ് അപകടം നടന്നതെന്ന് അപ്പോഴേക്കും വിവരം പുറത്തുവന്നിരുന്നു. യാത്രക്കാർ വേഗത കുറയ്ക്കാൻ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ചിലർ ചൂണ്ടിക്കാട്ടിയത്.