ഏഴു വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ വിജയം: നടി സ്വാസിക സംസാരിക്കുന്നു
സിനിമയോടു കുഞ്ഞുന്നാൾ മുതൽ തുടങ്ങിയ പ്രണയമാണ്, വളർന്ന് വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് അവൾ അന്നേ മനസിൽ കുറിച്ചിട്ട ഉത്തരം സിനിമാനടിയാവുക എന്നതായിരുന്നു. വർഷങ്ങൾക്കിപ്പുറം നായികയായി ആദ്യ സിനിമ 'വൈഗ" റിലീസ് ചെയ്തു, നാളെ തമിഴ് സിനിമയിൽ നായികയായി തിളങ്ങുമെന്ന് സ്വപ്നവും കണ്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. പൂജ വിജയ് എന്ന പേര് സ്വാസികയായി മാറിയത് മാത്രമാണ് ആകെയുണ്ടായ ട്വിസ്റ്റ്. വർഷങ്ങൾക്കിപ്പുറം കഥയാകെ മാറി. മലയാള സിനിമയിലെ തിരക്കുള്ള താരമായി അവൾ മാറി. കാത്തിരിപ്പിന്റെയും വിജയത്തിന്റെയും കഥയാണ് ഇനി സ്വാസിക പറയുന്നത്.
'' മലയാളത്തിൽ മുപ്പത് സിനിമയിൽ അഭിനയിച്ചു. നൃത്തം പഠിച്ചത് കൊണ്ടാവാം അഭിനയ മോഹം ഉണ്ടായതെന്ന് തോന്നുന്നു. കണ്ണാടിക്കു മുന്നിലായിരുന്നു ചെറുപ്പത്തിൽ ആദ്യ അഭിനയം. സിനിമയോ പാട്ടോ സീരിയലോ കണ്ടാൽ കണ്ണാടിക്കു മുന്നിൽ അഭിനയം തുടങ്ങും. അതു ഇഷ്ടവും പാഷനുമായി മാറി. എന്നിലെ കലാകാരിയെ വളർത്തുന്നതിൽ നൃത്തവും ഒരുപാട് സഹായിച്ചിട്ടുണ്ട്.""
കാത്തിരിപ്പിന്റെ 7 വർഷങ്ങൾ
തമിഴ് സിനിമ വൈഗയിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ചിത്രം വിജയം നേടി. എന്നാൽ എനിക്ക് മോശം സമയമായിരുന്നു. എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞെന്ന് അപ്പോൾ തോന്നി. രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് മലയാളത്തിൽ 'കാറ്റ് പറഞ്ഞ കഥ" യിൽ അഭിനയിക്കുന്നത്. അതിനുശേഷം കുറെ സിനിമകൾ ചെയ്തു. പ്രേക്ഷകന്റെയോ എന്റെയോ മനസിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം പോലുമില്ല. ശരിക്കും സ്ട്രഗിൾ ചെയ്തു. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ വെറുതേ വീട്ടിലിരുന്ന വർഷങ്ങൾ. എന്നാൽ സിനിമ ഉപേക്ഷിച്ചു പോവണമെന്ന തോന്നൽ മാത്രം ഉണ്ടായില്ല. ആ സമയത്ത് ഒപ്പം ഉണ്ടായത് വീട്ടുകാരും നാലാംക്ളാസ് മുതൽ കൂടെ കൂടിയ നൃത്തവും മാത്രം. സിനിമയിൽ രക്ഷപ്പെട്ടില്ലെങ്കിൽ സീരിയൽ, മോഡലിംഗ് തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കണമെന്ന് തോന്നി. കലാരംഗം ഉപേക്ഷിച്ചു ഒരു ജോലി വേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ കാത്തിരിപ്പു തുടർന്നപ്പോൾ ഏഴു വർഷമാണ് പോയത്.
ഒടുവിൽ സമയം തെളിഞ്ഞു
വലിയ ഒരു ബ്രേക്കിനുശേഷം അഭിനയിച്ച സിനിമയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. 'തേപ്പുകാരി" എന്ന വിളിപ്പേരിലൂടെ ഞാനും നീതു എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകർ മാത്രമല്ല, സിനിമയിൽ ഉള്ളവരും എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് അതിനുശേഷമാണ്. കരിയർ ബ്രേക്ക് തന്നതും സമയം മാറ്റി മറിച്ചതും കട്ടപ്പനയിലെ ഋത്വിക് റോഷനാണ്. ആ സിനിമയുടെ തുടർച്ച പോലെ നല്ല കഥാപാത്രങ്ങൾ എത്താൻ തുടങ്ങി. നീതുവിനെ ഇപ്പോഴും പ്രേക്ഷകർ ഒാർത്തിരിക്കുന്നു. പുതിയ സിനിമയുടെ ആലോചന വരുമ്പോൾ എന്റെ പേര് ഒാർക്കാൻ നീതു ഒരു കാരണമാവാം. സിനിമയിൽ നല്ല അവസരങ്ങൾക്കു വാതിൽ തുറക്കാനും അതു നിമിത്തമായി. അതിന്റെ സന്തോഷം എന്നും ഉണ്ടാവും.
സീത ഏറെ പ്രിയപ്പെട്ടത്
സിനിമ കിട്ടാതെ വന്നപ്പോഴാണ് സീരിയൽ ചെയ്യാൻ തീരുമാനിച്ചത്. അത് വഴിത്തിരിവായി. സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് പ്രശസ്തി സീരിയൽ തന്നു. ആളുകളുടെ ഇഷ്ടം ലഭിച്ചു. മിനി സ്ക്രീനിൽ നിന്ന് ലഭിച്ച അംഗീകാരമാണ് ബിഗ് സ്ക്രീനിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടാൻ സഹായിച്ചത്. 'സീത"യാണ് വലിയ പ്രശസ്തി തന്നത്. സിനിമയില്ലാതെ വന്നപ്പോൾ സീരിയൽ തിരഞ്ഞെടുത്തതിൽ കുറ്റബോധമില്ല. സീരിയലിൽ നിന്നാണ് എല്ലാം സമ്പാദിച്ചത്.
ഒരു സെൽഫിക്ക് കൊതിച്ചിരുന്നു
ലാലേട്ടനൊപ്പം നേരത്തെ സ് റ്റേജ് ഷോ ചെയ്തിട്ടുണ്ട്. അതിനാൽ ഇട്ടിമാണിയിൽ അഭിനയിക്കുമ്പോൾ ടെൻഷൻ തോന്നിയില്ല. മാത്രമല്ല, ലാലേട്ടൻ കൂടുതൽ പരിചിതനും. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഒരു പോസിറ്റീവ് ഫീൽ അനുഭവപ്പെടും. എന്റെ അഭിനയത്തെ ലാലേട്ടൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. സെറ്റിൽ എല്ലാവരെയും കംഫർട്ടാക്കുക എന്നത് ലാലേട്ടന്റെ രീതിയാണ്. ഇട്ടിമാണിയിൽ ലാലേട്ടന്റെ കഥാപാത്രം വളരെ ഫണ്ണിയാണ്. മുപ്പതു ദിവസം ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞു. ലാലേട്ടനൊപ്പം ഒരു സെൽഫി എടുക്കാൻ ആഗ്രഹിച്ച സമയമുണ്ടായിരുന്നു. ഇട്ടിമാണിയുടെ സെറ്റിൽ വച്ച് ഒരുപാട് സെൽഫി എടുത്ത് ആ ആഗ്രഹം തീർത്തു.
കൂടെയുള്ള സ്നേഹം
പെരുമ്പാവൂരിനടുത്ത് കീഴില്ലത്താണ് തറവാട്. മൂവാറ്റുപുഴയാണ് താമസം. കൂട്ടുകുടുംബമാണ്. അച്ഛൻ വിജയകുമാർ ബഹ്റൈനിൽ അക്കൗണ്ടന്റ്. അമ്മ ഗിരിജ.സഹോദരൻ ആകാശ് ബംഗ്ളൂരുവിൽ എയറോനോട്ടിക്കൽ എൻജിനിയറാണ്. അമ്മൂമ്മ, ചിറ്റ, ചിറ്റയുടെ ഭർത്താവ്, രണ്ട് ആൺമക്കൾ എന്നിവരാണ് മറ്റു അംഗങ്ങൾ. കൂട്ടുകുടംബത്തിൽ താമസിക്കുന്നതിന്റെ സുഖവും സന്തോഷവും ലഭിക്കുന്നുണ്ട്.