കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം: ഉമ്മൻചാണ്ടി

Monday 24 February 2020 12:00 AM IST
photo

കോട്ടയം: കേരളത്തിന്റെ അവിഭാജ്യ ഘടകമായ കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേബിൾ ടി.വി ഓപ്പറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേബിൾ ടി.വി മേഖല സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കേബിൾ വലിക്കുന്ന വൈദ്യുതി പോസ്റ്റിന്റെ വാടകക്കാര്യത്തിൽ ഓപ്പറേറ്റർമാരെയും കെ.എസ്.ഇ.ബിയെയും സമന്വയത്തിലെത്തിക്കണം. പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഗുണകരമായ ശുപാർശകളുണ്ടാകുമെന്നാണ് പ്രതീക്ഷ. കുത്തക ഓപ്പറേറ്റർമാരുടെ കടന്നു കയറ്റത്തിനിടയിലും ശക്തമായി നിലകൊള്ളാൻ അസോസിയേഷന് കഴിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ, ട്രഷറർ അബൂബക്കർ സിദ്ദിഖ്, രാജ്‌മോഹൻ , സി.ആർ. സുധീർ, ബിനു ശിവദാസ്, പ്രവീൺ മോഹൻ എന്നിവർ സംസാരിച്ചു. ഇന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കും.