കെ.എസ്.ഇ.ബി എൻ.ടി.പി.സിയിൽ നിന്നു സൗരോർജ്ജം വാങ്ങും

Monday 24 February 2020 12:28 AM IST

kseb

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതു സംബന്ധിച്ച് നാഷണൽ തെർമൽ പവർ കോർപറേഷനും (എൻ.ടി.പി.സി) കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാർ ആവശ്യമായ മാറ്റങ്ങളോടെ പുതുക്കാൻ വൈദ്യുതി വകുപ്പ് ഇടപെടും. കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. എൻ.ടി.പി.സിയുടെ കായംകുളം താപനിലയത്തിൽ നിന്നും ഇപ്പോൾ വൈദ്യുതി വാങ്ങുന്നില്ലെങ്കിലും കരാർ പ്രകാരം പ്രതിമാസം 27 കോടി രൂപ കെ.എസ്.ഇ.ബി അടയ്ക്കേണ്ടതുണ്ട്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ഇ.ബിയുടെ പരാതി.

എൻ.ടി.പി.സിയുടെ താപനിലയത്തിലെ വൈദ്യുതിക്കു പകരം അവർ പദ്ധതി പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം വാങ്ങിക്കൊണ്ട് പ്രശ്നം പരിഹരിക്കാനാണ് നീക്കം. യൂണിറ്റിന് 3.25 രൂപയ്ക്ക് വാങ്ങാമെന്ന നിർദേശമാണ് വകുപ്പ് പരിഗണിക്കുന്നത്. രണ്ടു കോർപ്പറേഷൻ മേധാവികളുമായി ചർ‌‌ച്ച നടത്തി സമവായത്തിലെത്താൻ കഴിയുമെന്നാണ് വൈദ്യുത വകുപ്പിന്റെ പ്രതീക്ഷ. ഒത്തുതീർപ്പു ഫോർമുല സംബന്ധിച്ച് വകുപ്പ് മന്ത്രി എം.എം.മണി ഉദ്യോഗസ്ഥരുമായി ഉടൻ കൂടിക്കാഴ്ച നടത്തും.

വില വളരെക്കൂടുതൽ ആയതിനാൽ കെ.എസ്.ഇ.ബി 2017 മുതൽ എൻ.ടി.പി.സിയിൽനിന്ന് വൈദ്യുതി വാങ്ങുന്നില്ല. എന്നാൽ 2019 വരെ 400 കോടി രൂപ അടച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് 1620 കോടി രൂപ അടയ്ക്കേണ്ടി വരും. അഞ്ചുവർഷത്തേക്ക് ആകെ 340 കോടിയേ നൽകൂവെന്ന കെ.എസ്.ഇ.ബി. നിലപാട് അറിയിച്ചതോടെയാണ് രണ്ട് കോർപ്പറേഷനുകളുമായി തർക്കം തുടങ്ങിയത്. 2025 വരെയാണ് എൻ.ടി.പി.സി.യുമായി കരാറുള്ളത്.

കഴിഞ്ഞ വർഷം എൻ.ടി.പി.സി.യും കെ.എസ്.ഇ.ബി.യും കേന്ദ്ര റെഗുലേറ്ററി കമ്മിഷനെ സമീപിച്ച് ഇരുവർക്കും സമ്മതമായ രീതിയിൽ തുക കുറയ്ക്കാൻ ധാരണയായതായിരുന്നു. എന്നാൽ, കേന്ദ്ര കമ്മിഷന്റെ തെളിവെടുപ്പിന് എൻ.ടി.പി.സി. ഹാജരായില്ല. വർഷം ഫിക്‌സഡ് കോസ്റ്റായി കെ.എസ്.ഇ.ബി 324 കോടി നൽകണമെന്നു കമ്മിഷൻ വിധിച്ചു. ഈ തുകയ്ക്കായി കഴിഞ്ഞമാസം എൻ.ടി.പി.സി. ബില്ല് നൽകിയെങ്കിലും തുക ഇതുവരെ അടച്ചിട്ടില്ല.

ഭയങ്കര വില

പുറത്ത് നിന്ന് യൂണിറ്റിന് 2.50 മുതൽ 3.50 രൂപവരെ വിലയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ എൻ.ടി.പി.സിയിൽ നിന്ന് വാങ്ങുന്നതിന് യൂണിറ്രിന് 10.50 മുതൽ 12 രൂപവരെയാണ് വില. ഇതിനാലാണ് ഇവിടെ നിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാത്തത്. നാഫ്‌ത്തയ്ക്ക് വിലയേറിയതിനാലാണ് എൻ.ടി.പി.സിയുടെ വൈദ്യുതിക്ക് വിലയേറാൻ കാരണം.