മനു​ഷ്യ​നൊന്ന് അവന്റെ മത​മൊന്ന്

Monday 24 February 2020 12:07 AM IST

ഇക്കാ​ണു​ന്ന​തെല്ലാം അറി​വ​ല്ലാതെ മറ്റൊ​ന്നു​മ​ല്ലെന്നു നമുക്ക് പറഞ്ഞു തന്നത് ഭാ​ര​ത​ത്തിലെ ഋഷീ​ശ്വ​ര​ന്മാ​രാ​ണ്. സൂര്യ​ച​ന്ദ്ര​ന്മാരും നക്ഷ​ത്ര​ങ്ങളും പഞ്ച​ഭൂ​ത​ങ്ങളും സൃഷ്ടി​ജാ​ല​ങ്ങളും എന്നുവേണ്ട സക​ലതും അറി​വിൽ പൊന്തി വരു​ന്നതാ​ണെന്ന സത്യം ആധു​നിക ഭൗതി​ക​ശാ​സ്ത്ര​ത്തിന്റെ കൊടിമു​ടി​യി​ലെത്തി നില്ക്കുന്ന ശാസ്ത്രജ്ഞനു ​പോലും നിഷേ​ധി​ക്കാ​നാ​വില്ല. കാരണം അറി​വി​ലാണ് നമ്മ​ളു​ണ്ടെന്ന ബോധവും ഈ ലോക​മു​ണ്ടെന്ന ബോധവും സ്ഫുരി​ക്കു​ന്ന​ത്. അതാ​യത് അറി​വി​ല്ലെ​ന്നാൽ നമ്മളും ഈ ലോക​വും ​ഇല്ലെന്നു ചുരു​ക്കം. ഈ സത്യ​ത്തിന്റെ തുറന്ന ദാർശ​നിക വെളി​പാ​ടാണ് ഗുരു​ദേ​വ​തൃ​പ്പാ​ദ​ങ്ങ​ളുടെ അറിവ് എന്ന കൃതി​യുടെ ആദ്യ​പ​ദ്യ​ത്തിൽ നമുക്ക് കാണാ​നാ​വു​ന്നത്


അറി​യ​പ്പെ​ടു​മിതു വേറ-
ല്ലറി​വാ​യിടും തിര​ഞ്ഞിടും നേരം;
അറി​വി​തി​ലൊ​ന്നാ​യ​തു​കൊ-
ണ്ടറി​വ​ല്ലാ​തെ​ങ്ങു​മില്ല വേറൊ​ന്നും.


നമ്മൾ ഈ ലോകത്തെ മുഴു​വനും കണ്ടുകൊ​ണ്ടി​രി​ക്കു​ന്നത് പ്രകാ​ശ​ത്താ​ലാ​ണ്. കണ്ണു​ണ്ടെ​ങ്കിലും പ്രകാ​ശ​മി​ല്ലെ​ങ്കിൽ കാഴ്ച​യെ​ന്നതു സം​ഭ​വി​ക്കു​ക​യില്ലല്ലോ. ആ പ്രകാ​ശ​ത്തെ നമുക്ക് നല്കി​ക്കൊ​ണ്ടി​രി​ക്കു​ന്നതു സ്വയം പ്രകാ​ശ​ക​നായ സൂര്യ​നാ​ണ്. അതു​പോലെ ഈ വിശ്വം മുഴു​വനും പ്രകാ​ശിച്ചും പ്രതി​ഭാ​സിച്ചും ഇരി​ക്കു​ന്നത് നമ്മിലെ തന്നെ അറി​വി​ലാ​ണെ​ന്ന​താണു ഗുരു​മൊ​ഴി. സൂര്യൻ ഇല്ലെന്നു വന്നാൽ ഈ പ്രപ​ഞ്ച​മാകെ എങ്ങനെ അപ്ര​ത്യ​ക്ഷ​മാ​യി​പ്പോ​കുമോ അങ്ങനെ അറി​വി​ല്ലെന്നു വന്നാൽ സർവവും അജ്ഞാ​ന​ത്താൽ മറ​യ​പ്പെ​ട്ടു​ പോ​കു​മെ​ന്നർത്ഥം.


അറി​വിന്റെ സ്വരൂ​പത്തെ ഇത്ര​യു​മാ​ഴ​ത്തിൽ പോയി നിരീ​ക്ഷി​ക്കു​കയും നിർവ​ചി​ക്കുകയും ചെയ്ത ഭാര​തീയ ഋഷി​പ​ര​മ്പ​ര​യിലെ ആദ്യ​ത്തെയും അവ​സാ​ന​ത്തെയും ഋഷീ​ശ്വ​ര​നാണ് ​ഗു​രു​ദേ​വ​തൃ​പ്പാ​ദ​ങ്ങൾ. അതു​കൊ​ണ്ടാവാം ഗുരു​ദേ​വ​ര​ച​ന​ക​ളിൽ ഏറ്റവും കൂടു​ത​ലായി കട​ന്നുവരുന്ന ഒരു പദ​മായി അറിവ് മാറി​യ​തും. അറി​വിന്റെ സ്വരൂ​പത്തെ ആവി​ഷ്‌ക​രി​ക്കാനായി ഗുരു​ദേ​വൻ രചിച്ച 'അറി​വെന്ന കൃതി മല​യാ​ള​ഭാ​ഷ​യിലെ ഉപ​നി​ഷത്താ'ണെന്നു മല​യാ​ള​ത്തിന്റെ പ്രിയ​ക​വി​യാ​യി​രുന്ന ഡോ. അയ്യ​പ്പ​പ്പ​ണി​ക്കർ പറ​ഞ്ഞത് ഓർത്തു​പോ​കുന്നു.


അറിവും ഞാനും ഏക​മാ​ണെ​ന്ന​റി​യുന്ന അറി​വാണ് പര​മമായ അറി​വ്. അറി​വിനെ വിട്ട് ഞാൻ അന്യമാണെന്നു അഥവാ വേറെ​യാ​ണെന്നു വന്നാൽ ഈ പര​മ​മായ അറി​വിനെ അറി​യാൻ ആരു​മി​ല്ലാതെ വരു​മെന്നു ഗുരുദേ​വൻ ആത്മോ​പ​ദേ​ശ​ശ​ത​ക​ത്തി​ലൂടെ നമ്മെ ഓർമ്മി​പ്പി​ക്കു​ന്നുണ്ട്. ഈ ഓർമ്മ​പ്പെ​ടു​ത്ത​ലിന്റെ ഏറ്റവും ലളി​ത​മായ അറി​യി​പ്പായി വേണം 1924 ൽ ആലുവാ അദ്വെെ​താ​ശ്ര​മ​ത്തിൽ വച്ചു നട​ത്തിയ സർവമ​ത​സ​മ്മേ​ള​ന​ത്തിന്റെ മുഖ്യ​ക​വാ​ട​ത്തിൽ എഴുതി വയ്പിച്ച അറി​യാനും അറി​യി​ക്കാനുമെന്ന ഗുരു​വ​ച​നത്തെ കാണു​വാൻ.


അറി​വിനെ നേരാം​വഴി അറി​യാൻ കഴി​യാ​തെ വരു​മ്പോ​ഴാണ് വിശ്വാ​സ​ത്തിനും ആചാ​ര​ത്തിനുമൊക്കെ ശ​ക്തി​യേ​റു​ന്ന​ത്. വിശ്വാ​സ​ത്തെയും ആചാ​ര​ങ്ങ​ളെയും ഉണ്ടാ​ക്കു​ന്ന​തിലും ഊട്ടിയുറ​പ്പി​ക്കു​ന്ന​തിലും മത​ങ്ങൾക്കുള്ള പങ്കും സ്വാധീ​നവും എപ്പോഴും നിർണാ​യ​ക​മാ​ണ്. ഓരോ മത​ങ്ങളും തങ്ങ​ളു​ടേ​തായ ഇട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തിലും അത് വിസ്തൃ​ത​മാ​ക്കു​ന്ന​തിലും വിജ​യി​ക്കു​ന്നത് ഇങ്ങനെ വിശ്വാ​സ​ത്തിന്റെയും ആചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെയും പെരു​മ​യേ​റ്റു​ന്ന​തി​ലൂ​ടെ​യാ​ണ്. അതി​നുള്ള വഴി​ക​ളൊ​രു​ക്കു​ന്നത് മത​മൗ​ലി​ക​ത​യുടെ വക്താ​ക്ക​ളായി രം​ഗത്ത് വരുന്ന പുരോ​ഹി​ത ​സ​മൂ​ഹ​മാ​ണ്. ഇതിന്റെ ദൂഷി​ത​ഫ​ല​ങ്ങ​ളാണ് തന്റെ മതം ശ്രേഷ്ഠമെന്നും അപ​രന്റെ മതം നിന്ദ്യ​മെന്നും കരു​തുന്ന മതാ​നു​യാ​യി​കൾ ഏറി​വ​രു​ന്നതും മത​ത്തിന്റെ പേരിൽ അവർ കലാ​പ​ങ്ങ​ളു​ണ്ടാ​ക്കുന്ന സ്ഥിതി​ വർദ്ധി​ക്കു​ന്ന​തും.


ലോകത്ത് ഏറ്റവും കൂടു​തൽ മനു​ഷ്യ​ക്കു​രു​തി​കൾ ഉണ്ടാ​യി​ട്ടു​ള്ളത് മത​ത്തിന്റെ പേരി​ലാ​ണെ​ന്നത് ഇതിന്റെ ഗൗരവം വർദ്ധി​പ്പി​ക്കു​ന്നു. ഇങ്ങനെ മനു​ഷ്യന്റെ നന്മ​യ്ക്കായി ഓരോരോ കാല​ങ്ങ​ളിൽ രൂപ​പ്പെട്ട മത​ങ്ങൾ തന്നെ മനു​ഷ്യന്റെ നാശ​ത്തി​നായും വഴി​മാ​റുന്ന കാഴ്ച കണ്ടി​ട്ടാണ് ഗുരു​ദേ​വ​തൃ​പ്പാദങ്ങൾ ഇപ്ര​കാ​ര​മ​രു​ളി​ച്ചെയ്ത​ത്. പല മത​ങ്ങൾ തമ്മിൽ പൊരു​തി​യാൽ ഒടു​ങ്ങാ​ത്ത​തു​കൊണ്ട് ഒന്നിനു മറ്റൊ​ന്നിനെ തോൽപ്പിക്കാൻ കഴി​യു​ക​യി​ല്ല. ഈ മത​പ്പോ​രിനു അവ​സാ​ന​മു​ണ്ടാ​ക​ണ​മെ​ങ്കിൽ സമ​ബു​ദ്ധി​യോ​ടു​കൂടി എല്ലാ മത​ങ്ങളും എല്ലാ​വരും പഠി​ക്ക​ണം.


ഈ സന്ദേശം ജന​സ​മൂ​ഹ​ത്തിലെത്തിക്കു​ന്ന​തി​നാ​യി​ട്ടാണ് 1924 ലെ ശിവ​രാ​ത്രി​നാ​ളിൽ ഗുരു​ദേ​വൻ ഏഷ്യ​യിലെ ആദ്യത്തെ സർവ​മ​ത​സ​മ്മേ​ളനം വിളി​ച്ചു​കൂ​ട്ടി​യ​ത്. ഒരു ഫല​വൃ​ക്ഷ​ത്തിന്റെ ഏതു ചില്ല​യി​ലു​ണ്ടാ​കുന്ന ഫല​ത്തിനും അതിന്റെ നിറവും മണവും ഗുണവും രസവും ഒന്നാ​യി​രി​ക്കു​ന്ന​തു​പോലെ അല്ലെ​ങ്കിൽ എല്ലാ നദി​കളും ഭിന്ന​ഭിന്ന ദേശ​ങ്ങ​ളി​ലു​ത്ഭ​വിച്ച് പല​പ​ല​പേ​രു​ക​ളിൽ വ്യത്യസ്ത പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ​യൊ​ഴുകി അവ​സാനം സമു​ദ്ര​ത്തിൽചെന്നു ചേരു​ന്ന​തു​ പോലെ എല്ലാ മത​ങ്ങ​ളു​ടെയും പ്രമാ​ണ​മ​റി​ഞ്ഞാൽ അവ​യുടെ സാര​ങ്ങൾ വൈവിദ്ധ്യ​മു​ള്ള​ത​ല്ലെ​ന്നും ഏക​മാ​ണെ​ന്നു​മുള്ള അറിവ് മനു​ഷ്യ​നു​ണ്ടാ​കും. ആ മത​പ്ര​ബു​ദ്ധ​ത​യുടെ തിള​ക്കവും തെളി​ച്ചവും മനു​ഷ്യ​നു​ണ്ടാ​യാൽ മത​വൈ​ര​ത്തിനും മത​ക​ലാ​പ​ങ്ങൾക്കും ഇട​മ​രു​ളുന്ന മതാ​ന്ധ​ത, പ്രകാ​ശ​മെ​ത്തു​മ്പോൾ ഇല്ലാ​താ​യി​പ്പോ​കുന്ന ഇരു​ളു​പോലെ നീങ്ങി​പ്പോ​കും. ഇങ്ങനെ മനു​ഷ്യ​നൊന്നു അവന്റെ മത​മൊന്ന് എന്ന തത്ത്വ​ശാ​സ്ത്ര​ത്തിന്റെ നേരാം​പൊ​രുൾ ഗുരു​ദേ​വൻ ലോക​ത്തിനു നല്കി​യത് ആലുവ സർവ​മ​തസമ്മേ​ള​ന​ത്തി​ലൂ​ടെ​യാണ്.


1893ൽ ചിക്കാ​ഗോ​യിൽ നടന്ന ലോകത്തെ ആ​ദ്യത്തെ സർവമ​ത​സ​മ്മേ​ള​ന​ത്തിനു ശേഷം നടന്ന രണ്ടാ​മത്തെ സർവ്വ​​മ​ത​സ​മ്മേ​ള​ന​മാണ് ആലു​വാ​യി​ലേ​ത്. അതിന്റെ 96-ാ​മത് വാർഷി​ക​ദി​ന​മാ​യി​രുന്നു ഇക്ക​ഴിഞ്ഞ ശിവ​രാ​ത്രി​നാൾ. യഥാർത്ഥ​മ​ത​ബോധം കൊണ്ടേ മത​സ്വാ​ത​ന്ത്ര്യവും മത​പ്ര​ബു​ദ്ധതയും ഉണ്ടാ​വു​ക​യുള്ളൂ എന്ന ഗുരു​സ​ന്ദേശം പക​രുന്ന സർവമ​ത​സ​മ്മേ​ള​ന​ത്തിന്റെ ചുവ​ടു​പി​ടിച്ച് ഇതേ​ദി​ന​ത്തിൽ സർവമത​സ​മ്മേ​ള​ന​ങ്ങൾ സംഘ​ടി​പ്പി​ക്കു​ന്ന​തി​നും സർവമ​ത​സ​മ്മേ​ള​ന​ ചരിത്രം പാഠ്യ​പ​ദ്ധ​തി​യിൽ ഉൾപ്പെ​ടു​ത്തു​ന്ന​തിനും കേന്ദ്ര-​സം​സ്ഥാന സർക്കാ​രു​കൾ തയ്യാ​റാ​വേ​ണ്ട​താണ്. അതി​നാ​യാൽ മത​ദ്വേഷം വരു​ത്തുന്ന മത​പ്പോ​രു​കളെ നമുക്ക് ഒരു​പ​രിധിവരെയെങ്കിലും ഇല്ലാ​താ​ക്കാ​നാ​വും.