ആട്ടോറിക്ഷ വാങ്ങാൻ പണം നൽകിയില്ല: മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു

Monday 24 February 2020 1:10 AM IST

ചെറുതോണി: ആട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിന് മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു.
ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫ് (കൊച്ചേട്ടൻ-64) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാഹുലി (32)നെ മുരിക്കാശേരി പൊലീസ് അറസ്റ്റുചെയ്തു. ഫെബ്രുവരി ഒൻപതിനാണ് ജോസഫിന് മർദ്ദനമേൽക്കേണ്ടിവന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്വന്തം പുരയിടത്തിലെ റബർതോട്ടത്തിന് തീയിട്ടു നശിപ്പിച്ചിരുന്നു. മകനെ ഭയന്ന് മാതാവ് പൂഞ്ഞാറിൽ ബന്ധുവീട്ടിലാണ് താമസം.

ജോസഫിന് റബർവിറ്റ് കിട്ടിയ പണം ആട്ടോറിക്ഷ വാങ്ങനാണെന്ന് പറഞ്ഞ് രാഹുൽ ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. പണം നൽകാൻ വിസമ്മതിച്ച പിതാവിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ രണ്ട് വാരിയെല്ല് ഒടിയുകയും ശ്വസകോശത്തിൽ തറഞ്ഞുകേറുകയും ചെയ്തിരുന്നു. നാട്ടുകാർ ജോസഫിനെ മുരിക്കാശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇടുക്കി മെഡിക്കൽകോളജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാത്രിയിൽ ജോസഫ് മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ഭാര്യ: സാലിക്കുട്ടി. ഇളയ മകൻ നോബിൾ (ഫോറസ്റ്റ് ഗാർഡ്). ഇടുക്കി സി.ഐ സിബിച്ചൻ ജോസഫിന്റെയും എസ്.ഐ ഏണസ്റ്റ് ജോൺസണിന്റെയും നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.