മാർത്താണ്ഡം കവർച്ച: രണ്ടാം പ്രതി പിടിയിൽ

Monday 24 February 2020 1:12 AM IST

കുഴിത്തുറ: മാർത്താണ്ഡത്തെ രണ്ട് സ്വർണക്കടകളിൽ കവർച്ച നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ. മാർത്താണ്ഡം സ്വദേശി തങ്കപ്പന്റെ മകനും എ.ഡി.എം.കെ ജില്ലാ യൂത്ത് വിംഗ് അംഗവുമായിരുന്നു രമേശ്‌ (45)ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 80 പവൻ സ്വർണവും പിടിച്ചെടുത്തു. ഒന്നാം പ്രതിയുടെ പക്കൽ നിന്ന് സ്വർണം വാങ്ങിയത് രമേശായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 14ന് മാർത്താണ്ഡം 'ചിലങ്ക'യിൽ നിന്ന് 140 പവനും ജനുവരി 28ന് മാർത്താണ്ഡം 'ജയശ്രീ' നിന്ന് 177പവൻ സ്വർണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ തക്കല ഡി.എസ്. പി. രാമചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ച് സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തവെ കഴിഞ്ഞ 18ന് എസ്.ഡി. മങ്കാട് സ്വദേശി എഡ്‌വിൻ ജോസിനെ (29) അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്ന് 337പവൻ സ്വർണവും പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രമേശിന്റെ പങ്ക് വ്യക്തമായത്. തുടർന്നാണ് മാർത്താണ്ഡം എസ്.ഐ ശിവശങ്കറിന്റെ നേതൃത്യത്തിലുള്ള ഉദ്യോഗസ്ഥർ ഇന്നലെ മാർത്താണ്ഡം റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.