ടിക്ടോക് തലയ്ക്ക് പിടിച്ചു, ബൈക്കിലെ സാഹസിക പ്രകടനം ലോകം മുഴുവൻ കാണിച്ച് കൈയടി വാങ്ങാൻ നോക്കി, പതിനഞ്ചുകാരനുൾപ്പെടെ ആശുപത്രിയിൽ
Monday 24 February 2020 10:35 AM IST
കൊല്ലം: ബൈക്കിലെ സാഹസിക പ്രകടനത്തിന്റെ ടിക്‌ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇവർ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പതിനഞ്ച് വയസുകാരനാണ് പരിക്കേറ്റവരിലൊരാൾ.
എലിക്കാട്ടൂരിനെയും കന്നറയേയും ബന്ധിപ്പിക്കുന്ന പാലത്തിന് മുകളിലാണ് അപകടം സംഭവിച്ചത്. ബൈക്കുകളുടെ മുൻഭാഗം ഉയർത്തിപ്പിടിച്ച് ഒറ്റടയറിൽ ഓടിക്കുന്നതായിരുന്നു ചിത്രീകരിക്കുന്നത്. ഇവർ ഹെൽമറ്റ് ധരിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്.
മൂന്ന് ബൈക്കുകൾ വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. അതിനിടയിൽ പതിനഞ്ചുകാരൻ ഓടിച്ച ബൈക്കും എലിക്കാട്ടൂർ സ്വദേശി ജോൺസൺ ഓടിച്ച ബൈക്കും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ഇത്തരത്തിലുള്ള അഭ്യാസങ്ങൾ പലതവണ നാട്ടുകാർ വിലക്കിയിരുന്നു.