കുളത്തൂപ്പുഴയിലെ പാക് നിർമ്മിത വെടിയുണ്ടകൾ ; ഐസിസിൽ നിന്ന് മടങ്ങിയവർക്കും ബന്ധം, തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷണം

Monday 24 February 2020 6:41 PM IST

കൊല്ലം: കൊല്ലം കുളത്തുപ്പൂഴയിൽ വനമേഖലയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണx.ഐസിസിൽ നിന്ന് മടങ്ങിയവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ഒക്ടോബറിൽ ഐസിസിൽ നിന്ന് മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുമായി ബന്ധമുളളവർ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ഉണ്ടെന്നാണ് വിവരം.

മുൻസൈനികർ ഉപേക്ഷിച്ച വെടിയുണ്ടാകൾ ആണോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി ഹൈദരാബാദിലെ ഫോറൻസിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവൻ ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സംഘം വിപൂലീകരിച്ചിട്ടുണ്ട്. ഡി.ഐ.ജി അനൂപ് കുരുവിള ജോൺ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകളും അത് ഉപേക്ഷിക്കപ്പെട്ട സ്ഥലവും പരിശോധിച്ചു. കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജൻസിയും മിലിട്ടറി ഇന്റലിജന്റ്സും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കിട്ടിയത്.