പാമ്പു കടിച്ചാൽ പേടിവേണ്ട, ചെക്കാട്ടുതറ അമ്മയുണ്ട്

Tuesday 25 February 2020 10:20 AM IST
70 കൊല്ലമായി പാരമ്പര്യ വിഷചികത്സ തുടരുന്ന ചെക്കാട്ടുതറ വീട്ടിൽ രാജമ്മ

ചാരുംമൂട്: പാമ്പു കടി​യേറ്റാൽ ആലപ്പുഴക്കാർ മറ്റൊന്നുമാലോചിക്കില്ല. താമരക്കുളം വേടരപ്ലാവിലെ ചേക്കാട്ടുതറ അമ്മ എന്ന രാജമ്മയെ അഭയം പ്രാപിക്കും. ഇരുപതിനായിരത്തിലേറെപ്പേരെയാണ് ഈ മുത്തശ്ശി​ മരണക്കയത്തിൽ നി​ന്ന് ജീവി​തത്തി​ലേക്ക് പിടിച്ചുകയറ്റിയത്.

വി​ഷചി​കി​ത്സയി​ലെ ചെക്കാട്ടുതറയുടെ പ്രശസ്തി​ക്ക് ഏഴു പതി​റ്റാണ്ടോളം നീളുന്ന പാരമ്പര്യമുണ്ട്. അപൂർവമായ ആയുർവേദ ചി​കി​ത്സാക്കൂട്ടുകൊണ്ടാണ് ചി​കി​ത്സ. കൊടും വിഷമുള്ള പാമ്പിന്റെ കടിയേറ്റ് 30 ദിവസം വരെ അബോധാവസ്ഥയിൽ കിടന്നയാളെ രക്ഷിച്ച സംഭവം വരെയുണ്ട്. എൺപത്തിയഞ്ചാം വയസിലും പ്രായത്തി​ന്റെ അവശതകളെ അവഗണിച്ച് രാജമ്മ നിയോഗം തുടരുന്നു.

ചി​കി​ത്സ തേടി​യെത്തുന്നവരി​ൽ നി​ന്ന് പ്രതി​ഫലം ചോദിച്ച് വാങ്ങാറി​ല്ല. ദക്ഷി​ണ സ്വയമേ സമർപ്പി​ക്കാം. രോഗി​ക്ക് ഒപ്പമെത്തുന്നവർക്ക് താമസവും ഭക്ഷണവും ഇവി​ടെ സൗജന്യം.

1957ൽ തി​രുവി​താംകൂർ - കൊച്ചി ഭരണകൂടം പരിശോധിച്ച് ഉറപ്പിച്ച പാരമ്പര്യ വൈദ്യന്മാരുടെ പട്ടികയിൽ രാജമ്മയുടെ പേര് ഉൾപ്പെടുത്തി. നാല് മക്കളിൽ പെൺമക്കളായ ജയശ്രീയ്ക്കും യമുനയ്ക്കും അപൂർവ ചി​കി​ത്സാവി​ധി​കൾ പകർന്നുനൽകി​യി​ട്ടുണ്ട്. അദ്ധ്യാപകരായ ഇരുവരും പാരമ്പര്യ വഴി​ തുടരുന്നു.

ഗവേഷണ വിദ്യാർത്ഥികളടക്കം ചെക്കാട്ടുതറ അമ്മയിൽ നിന്ന് വിഷ ചികിത്സയിൽ അറിവ് തേടിയെത്തുന്നുണ്ട്. ഫോൺ: 9496121154

ഗുരുനാഥൻ അച്ഛൻ

പാരമ്പര്യ വിഷചികിത്സയിൽ പേരുകേട്ട കൊല്ലം പോരുവഴി ചെമ്മാട്ട് കിഴക്കേതിൽ വേലായുധൻ വൈദ്യരുടെ മകളാണ് രാജമ്മ. ബാല്യം മുതൽ ചികിത്സാലയത്തി​ൽ മകളെ ഒപ്പം കൂട്ടിയി​രുന്നു. കർഷകനായ ദിവാകരനെ 1953ൽ വിവാഹം കഴിച്ചതോടെയാണ് ചെക്കാട്ടുതറ കുടുംബത്തിലെത്തുന്നത്. ഇവിടെ രാജമ്മ ചി​കി​ത്സ തുടങ്ങിയത് യാദൃച്ഛികമായാണ്. ഒരി​ക്കൽ അയൽക്കാരി​ലൊരാൾക്ക് സർപ്പദംശനമേറ്റു. എല്ലാവരും ഭയന്നപ്പോൾ രാജമ്മ ഭർത്താവുമൊത്ത് അവി​ടെച്ചെന്ന് രോഗി​യെ പരി​ശോധി​ച്ചു. കടി​ച്ച പാമ്പി​നെ ലക്ഷണങ്ങൾ വഴി​ തി​രി​ച്ചറി​ഞ്ഞ് വളരെ വേഗം പച്ചിലക്കൂട്ടുണ്ടാക്കി​ നൽകി​. രാപകൽ ഒപ്പമിരുന്ന് പരിചരിച്ച് രക്ഷിച്ചു.

'സർപ്പദംശനമേറ്റ് ജീവന്റെ ചെറു തുടിപ്പോടെയെങ്കിലും ചെക്കാട്ടുതറ മുറ്റത്തെത്തിയ ഒരാളെ പോലും മരണത്തിന് വിട്ടുകൊടുത്തി​ട്ടില്ല".

- ചെക്കാട്ടുതറ അമ്മ