എൽ.ഐ.സി സ്വകാര്യവത്കരിക്കരുത്: എൻ.കെ. പ്രേമചന്ദ്രൻ എം.പി

Tuesday 25 February 2020 2:01 AM IST

തിരുവനന്തപുരം: എൽ.ഐ.സിയെ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നും എൽ.ഐ.സി ജീവനക്കാരുടെ സംഘടനകൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഫെഡറേഷൻ ഒഫ് എൽ.ഐ.സി ക്ലാസ് വൺ ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ കൗൺസിൽ ഇടപ്പഴിഞ്ഞി ആർ.ഡി.ആർ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉയർത്തിക്കാട്ടാവുന്ന ഏറ്റവും മികച്ച മാതൃകയായ എൽ.ഐ.സി 1958 മുതൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണാണ്. ബഹുരാഷ്ട്ര കമ്പനികളോടുള്ള മത്സരത്തിൽ പോലും പിന്നിലാകാത്ത എൽ.ഐ.സിയെ സ്വകാര്യവത്‌കരിക്കുകയെന്ന തീരുമാനത്തിന് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒ.രാജഗോപാൽ എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ബാബുറാവു ഹംരാസ്‌കർ, ജനറൽ സെക്രട്ടറി എസ്. രാജ്കുമാർ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ആർ. പളനിസ്വാമി, ദീപ ശിവദാസൻ, വിവേക് സിംഗ്, ശ്രീകാന്ത് മിശ്ര, സോണൽ സെക്രട്ടറി യതിരാജ് എന്നിവർ സംസാരിച്ചു.