വി.എസ്. ശിവകുമാറിന്റെ വീട്ടിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് വിജിലൻസ്

Tuesday 25 February 2020 12:21 AM IST

തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ നിന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഒരു രേഖയും കണ്ടെത്താനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശിവകുമാറിന്റെ വീട്ടിൽ നിന്ന് 56 രേഖകളാണ് വിജിലൻസ് കണ്ടെത്തിയത്. രണ്ട് വാഹനങ്ങളെ സംബന്ധിക്കുന്ന രേഖകൾ, ഇപ്പോൾ താമസിക്കുന്നതും ശിവകുമാറിന്റെയും ഭാര്യയുടെയും പേരിലുള്ളതുമായ വീടിനെ സംബന്ധിക്കുന്ന രേഖകൾ. ട്രഷറി നിക്ഷേപ രേഖകൾ, സ്വർണ വായ്പാ രേഖകൾ, ഇൻഷ്വറൻസ് പോളിസിയെ സംബന്ധിക്കുന്ന രേഖകൾ, നാല് ബാങ്ക് പാസ് ബുക്കുകൾ, ആഢംബര നികുതി ഒടുക്കിയതിന്റെ രസീതുകൾ എന്നിവ മാത്രമാണ് കണ്ടെത്തിയത്.

അതേസമയം ശിവകുമാറിന്റെ ബിനാമി എന്ന് വിജിലൻസ് സംശയിക്കുന്ന നേമം ശാന്തിവിള സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ നിന്ന് 13 വസ്തു ഇടപാടുകൾ നടത്തിയതിന്റെ പ്രമാണം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. രാജേന്ദ്രന്റെ സ്വത്തിനെ സംബന്ധിക്കുന്ന 72 രേഖകൾ വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കി. മൂന്ന് തുക എഴുതാത്ത പ്രോമിസറി നോട്ടുകൾ, ആറ് ബാങ്ക് പാസ് ബുക്കുകൾ, വിദേശത്ത് ജോലിയുള്ളയാളുടെ 12 ലക്ഷം രൂപയുടെ ശമ്പള സർട്ടിഫിക്കറ്റ്, രാജേന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന ഒാൾഡ് ഏജ് ഹോമിന്റെ രേഖകൾ എന്നിവയും വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കി.

ശിവകുമാറിന്റെ ഡ്രൈവറായ ഷെെജു ഹരിയുടെ വീട്ടിൽ നിന്ന് 15 രേഖകളാണ് പിടികൂടിയത്. ഇതിൽ അസ്വഭാവികമായത് ഒന്നുമില്ല. ശിവകുമാറിന്റെ അടുത്ത സുഹൃത്തും ഗൗരീശപട്ടം സ്വദേശിയുമായ അഭിഭാഷകൻ എൻ.എസ്. ഹരികുമാറിന്റെ വീട്ടിൽ നിന്ന് കനറാ ബാങ്കിന്റെ രണ്ട് ലോക്കറുകളുടെ താക്കോൽ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇവ തുറന്ന് പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.