പബ്ബും ബ്രൂവറിയുമില്ല, ഡ്രെെഡേയിൽ മാറ്റമില്ല,​ ബാറുകൾക്ക് ലെെസൻസ് ഫീ കൂട്ടും: കരട് മദ്യനയം അംഗീകരിച്ചു

Tuesday 25 February 2020 10:28 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കരട് മദ്യനയം മന്തിസഭ അംഗീകരിച്ചു. അബ്കാരി സർവീസുകൾ കൂട്ടി,​ ഡ്രെെഡേ ഒഴിവാക്കില്ല,​ കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യും തുടങ്ങിയവയാണ് പുതിയ തീരുമാനം. ലെെസൻസ് ഫീസ് 28 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് സൂചന. ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വരും.

ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന്‌ ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. ഇത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു.

എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയിൽനിന്നടക്കം സർക്കാരിനു നിവേദനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂൺ ഒൻപതിനാണ്.