കെ.എ.എസ് പരീക്ഷയുടെ ചോദ്യങ്ങൾ പാകിസ്ഥാനിൽ നിന്ന് കോപ്പിയടിച്ചത്: വിമർശനവുമായി പി.ടി തോമസ്

Tuesday 25 February 2020 11:56 AM IST

തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച നടന്ന കെ.എ.എസ് പരീക്ഷ നടത്തിപ്പിനെ വിമർശിച്ച് തൃക്കാക്കര എം.എൽ.എ പി.ടി തോമസ്. 2001ലെ പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിലെ ചോദ്യങ്ങൾ അതേപോലെ പകർത്തിയാണ് കെ.എ.എസ് പരീക്ഷയുടെ ചോദ്യപേപ്പർ ഉണ്ടാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പി.ടി തോമസ് പി.എസ്.സിയുടെ പരീക്ഷ നടത്തിപ്പിനെ വിമർശിച്ച് രംഗത്തെത്തിയത്. ആറ് ചോദ്യങ്ങളാണ് പാകിസ്ഥാൻ സിവിൽ പരീക്ഷയിൽ നിന്ന് പകർത്തിയതെന്ന് അദ്ദേഹം വീഡിയോയിലൂടെ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം,​ പി.ടി തോമസിന്റെ വിമർശനങ്ങൾ പി.എസ്.സി ചെയർമാൻ എം.കെ സക്കീർ തള്ളി. കെ.എ.എസ് ചോദ്യങ്ങൾ ഉണ്ടാക്കിയത് ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളാണെന്നും,​ പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാനാണ് ഇത്തരത്തിലൊരു ആരോപണമെന്നും അദ്ദേഹം പ്രതികരിച്ചു.