ഒട്ടകത്തിന് നൽകുന്ന വെള്ളവും ഭക്ഷണവും കഴിച്ചു ജീവൻ നിലനിർത്തി, സൗദിയിൽ മാസങ്ങൾ നീണ്ട ആടുജീവിതത്തിന് ശേഷം യുവാവിനെ നാട്ടിലെത്തിച്ചു

Tuesday 25 February 2020 4:38 PM IST

തിരുവനന്തപുരം: സ്‌പോൺസറുടെ ചതിയിൽ പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയ നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറിൽ വി.അദ്വൈതിനെ നോർക്ക നാട്ടിലെത്തിച്ചു. രണ്ട് മാസമായി വെള്ളം പോലും കിട്ടാത്ത അവസ്ഥയായിരുന്നു. സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവർ വിസയിൽ 2 മാസം മുൻപാണ് അദ്വൈത് കുവൈറ്റിലെത്തിയത്. സ്‌പോൺസറുടെ വാഹനങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ജോലി.

കുറച്ചു ദിവസത്തിനു ശേഷം അദ്വൈതിനെ സ്‌പോൺസർ റിയാദിലേക്കു മാറ്റി. അറബിയുടെ സഹായിയാണ് സൗദിയിലേക്ക് കടത്തിയത്. ഫാമിൽ ഒട്ടകത്തെയും ആടുകളെയും മേയ്ക്കാൻ ഏൽപ്പിച്ച ശേഷം സ്‌പോൺസർ സ്ഥലംവിട്ടു. അപ്പോഴും താൻ ചതിക്കപ്പെടുകയായിരുന്നെന്ന് മനസിലായില്ല.

ഒട്ടകത്തിന് നൽകുന്ന വെള്ളവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. ഇടയ്ക്ക് മറ്റാരുടെയോ ഫോണിൽ രക്ഷിതാക്കളെ ബന്ധപ്പെടാൻ കഴിഞ്ഞു. തുടർന്ന് മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്വൈതിന്റെ പിതാവ് വേണുകുമാർ നോർക്കയെ സമീപിച്ചു.

അദ്വൈത് കുടുങ്ങിയ സ്ഥലം എവിടെയാണെന്ന് അറിയില്ലായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അദ്വൈത് വീണ്ടും സഹായം തേടി വിളിച്ചപ്പോൾ ലൊക്കേഷൻ മാപ്പ് നോർക്കയിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അവിടത്തെ സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ടു.

ദമാമിൽ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മരുഭൂമിയിൽ അവശനിലയിൽ അദ്വൈതിനെ കണ്ടെത്തിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നോർക്ക തന്നെ വിമാന ടിക്കറ്റെടുത്തു നൽകിയാണ് നാട്ടിലെത്തിച്ചത്‌.