കലാപത്തിന് തീകൊളുത്തിയ ബി.ജെ.പി നേതാവ് ഇപ്പോഴും സ്വതന്ത്രൻ, ഡൽഹിയിൽ അക്രമം തടയാൻ കേന്ദ്രം സത്വരനടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങൾ തടയാനും കേന്ദ്രസർക്കാർ സത്വര നടപടികളെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ സാധാരണ ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികൾ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അത് തെളിയിക്കുന്നത്. ഊഹാപോഹങ്ങളുടെയും വെറുപ്പിന്റെയും പ്രചാരണം നടക്കുന്നു. മാദ്ധ്യമപ്രവർത്തകർ പോലും ആക്രമിക്കപ്പെടുന്നു. മരണസംഖ്യ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബി.ജെ.പി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണ്. മതഭ്രാന്തുമായി സ്വകാര്യസേനകളും കലാപത്തിൽ പങ്കാളിത്തം വഹിക്കുന്നു എന്ന വിവരം നിയമവാഴ്ചയുടെ ഗുരുതരമായ തകർച്ചയെ സൂചിപ്പിക്കുന്നു.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മടിച്ചുനിൽക്കരുത്. അക്രമങ്ങൾ പടരാതിരിക്കാൻ പൊലീസ് സംവിധാനത്തെ ഫലപ്രദമായും സംശയരഹിതമായും നിയോഗിക്കാനും തയ്യാറാകണം.
വർഗ്ഗീയചേരിതിരിവിനും വർഗ്ഗീയസ്വഭാവത്തിലുള്ള മനുഷ്യവേട്ടയ്ക്കും രാജ്യതലസ്ഥാനം വേദിയാകുന്നു എന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. അത്തരം പ്രവണതകൾ തുടച്ചുനീക്കാനും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുമുള്ള ഉത്തരവാദിത്വം ഭരണനേതൃത്വത്തിനുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ളതാണ്. അതിനെ തെരുവിൽ നേരിട്ട് തോല്പിച്ചു കളയാം എന്ന സംഘപരിവാർ വ്യാമോഹത്തിന്റെ ഉല്പന്നമാണ് ഡൽഹിയിലെ അക്രമങ്ങൾ. അത് തിരിച്ചറിഞ്ഞ് ജനങ്ങൾക്കിടയിൽ സമാധാന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ മതനിരപേക്ഷ ശക്തികൾ തയ്യാറാകണം. വർഗ്ഗീയധ്രുവീകരണ നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെ ഇടപെടാനും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡൽഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.