അനധികൃതസ്വത്ത് സമ്പാദന കേസ് ; വി.എസ്. ശിവകുമാറിന്റെ ബാങ്ക് ലോക്കർ തുറന്നപ്പോൾ വിജിലൻസുകാർ കണ്ടത് ...

Wednesday 26 February 2020 6:54 PM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന്റഎ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്റെ ബാങ്ക് ലോക്കറും വിജിലൻസ് ഇന്ന് തുറന്ന് പരിശോധിച്ചു. എന്നാൽ ലോക്കരിൽ നിന്ന് വിജിലൻസിന് ഒന്നും കണ്ടെത്താനായില്ല.

വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലൻസ് സംഘം ലോക്കർ പരിശോധിച്ചത്. ലോക്കറിന്റെ താക്കോൽ ചോദിച്ചെങ്കിലും കാണാനില്ലന്നായിരുന്നു മറുപടി. ഇതിൽ സംശയം തോന്നിയാണ് വിജിലൻസ് സംഘം ലോക്കർ തുറന്നു പരിശോധിച്ചത്. താക്കോൽ ഇല്ലാത്തതിനാൽ ബാങ്ക് തന്നെ പ്രത്യേക സംവിധാനമൊരുക്കിയാണ് ലോക്കർ തുറക്കാൻ സൗകര്യമൊരുക്കിയത്. ശിവകുമാറിന്റെ ഭാര്യയുടെ പേരിലാണ് ലോക്കർ.

നേരത്തെ ഇടപാടുകൾ നടത്തരുതെന്ന് ചൂണ്ടാക്കാണിച്ച് വിജിലൻസ് ശിവകുമാറിന് കത്ത് നൽകിയിരുന്നു.

ദേവസ്വം, ആരോഗ്യം മന്ത്രിയായിരിക്കെ ബിനാമി പേരിൽ വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലൻസ് സ്‌പെഷ്യൽ സെൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.