ഹരികുമാറിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് 155 പവൻ ,​ വി.എസ്. ശിവകുമാറിനെതിരെ കുരുക്ക് മുറുക്കി വിജിലൻസ്

Wednesday 26 February 2020 8:47 PM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ ബിനാമിയെന്ന് ആരോപിക്കുന്ന ഹരികുമാറിന്റെ ലോക്കറിൽ നിന്ന് സ്വർണം കണ്ടെത്തി. കനറാ ബാങ്കിലെ ലോക്കർ തുറന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ 155 പവൻ സ്വർണമാണ് കണ്ടെടുത്തത്. പുത്തൻചന്തയിലുള്ള കനറാ ബാങ്കിലെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

നേരത്തെ വി.എസ്.ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കർ തുറന്നുപരിശോധിച്ചെങ്കിലും വിജിലൻസിന് ഒന്നും കണ്ടെത്താനായില്ല. വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലൻസ് സംഘം ലോക്കർ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മുൻമന്ത്രി ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.

ദേവസ്വം, ആരോഗ്യം മന്ത്രിയായിരിക്കെ ബിനാമി പേരിൽ വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് 17 മണിക്കൂർ പരിശോധന നടത്തിയിരുന്നു. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലൻസ് സ്‌പെഷ്യൽ സെൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു