മദപ്പാടിൽ കിരാത വേഷം
തൃശൂർ: ആനപ്രേമികളുടെ മനസിൽ സ്വാതികപരിവേഷമുള്ള പത്മനാഭന്, മദപ്പാട് കാലത്ത് കിരാത വേഷമാണ്. ആരെയും പരിസരത്തേക്ക് അടുപ്പിക്കാത്ത പ്രകൃതം. പ്രത്യേകിച്ച് ഒന്നാം പാപ്പനെ. ഒന്നാം പാപ്പനെ തന്റെ കൺവെട്ടത്ത് കണ്ടാൽ പിന്നെ കലിയാണ്. തന്റെ ചങ്ങല പോലും പൊട്ടിക്കാനുള്ള ശ്രമം വരെ നടത്തും. അൽപ്പമെങ്കിലും കരുണയുള്ളത് രണ്ടാം പാപ്പനോടാണ്. ഈ സമയം മൂന്നാം പാപ്പനോട് പോലും ഒന്നാം പാപ്പനോട് ഉള്ളതിനേക്കാൾ ഇഷ്ടം അവനുണ്ടാകുണ്ടെന്ന് ഏറെ കാലം പത്മനാഭന്റെ ഒന്നാം പാപ്പനായിരുന്ന രാധകൃഷ്ണൻ പറയുന്നു.
അതേസമയം മദപ്പാട് കഴിഞ്ഞ് തറിയിൽ നിന്ന് അഴിച്ചാൽ പിന്നെ ഒന്നാം പാപ്പാൻ പറയുന്നതിൽ നിന്ന് കടുകിട മാറില്ല. ഒരു കൊച്ചുകുട്ടിയെ പോലെ അനുസരണയോടെ നടക്കും. മദപ്പാട് കാലത്ത് വാഴപിണ്ടി, പട്ട, ധാരാളം വെള്ളം എന്നിവയാണ് പത്മനാഭന് നൽകാറുള്ളത്.
പ്രത്യേക മെനു
ആനത്തറവാട്ടിൽ നിരവധി ആനകൾ ഉണ്ടെങ്കിലും പത്മനാഭന് വി.വി.ഐ.പി പരിവേഷമാണ് എല്ലാ കാര്യത്തിലും. പ്രത്യേകിച്ച് ഭക്ഷണ കാര്യത്തിൽ. പല്ല് കുറവായതിനാൽ എല്ലാ ദിവസവും വാഴപിണ്ടി നിർബന്ധം, പിന്നെ നാലു കിലോ അരി ചേർത്തുണ്ടാക്കുന്ന പാൽക്കഞ്ഞി, ഉച്ചക്കഴിഞ്ഞ് രണ്ട് കിലോ അരിയുടെ ചോറ്, രണ്ട് കിലോ ചെറുപയർ, നാലു കിലോ അവിൽ. കൂടാതെ പനമ്പട്ടയും. പുറത്ത് എഴുന്നള്ളിപ്പിന് പോകുമ്പോഴും ഈ മെനുവിൽ വ്യത്യാസമുണ്ടാകാറില്ല.