കൊറോണ കുരുക്ക് : ജപ്പാനിൽ രണ്ടാഴ്ച കായിക മത്സരങ്ങൾ ഇല്ല

Thursday 27 February 2020 12:08 AM IST
tokyo 2020

ഒളിമ്പിക്സിന് തടസമുണ്ടാകില്ലെന്ന് ആവർത്തിച്ച് ടോക്കിയോ

ടോക്കിയോ : കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് കായിക - സാംസ്കാരിക പരിപാടികൾ ഒഴിവാക്കാൻ ജാപ്പനീസ് ഗവൺമെന്റ് തീരുമാനമെടുത്തു. പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന അടിയന്തര യോഗമാണ് ജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കാൻ നിർദ്ദേശിച്ചത്.

ജൂലായ് 24 ന് തുടങ്ങാനിരിക്കുന്ന ഒളിമ്പിക്സിനെ കൊറോണ ബാധിക്കുമെന്ന ആശങ്കകൾ ദിവസം കഴിയുന്തോറും ശക്തമാവുകയാണെങ്കിലും ശുഭാപ്തി വിശ്വാസവുമായി നിലയുറപ്പിക്കുകയാണ് സംഘാടക സമിതി. ഗെയിംസ് നീട്ടി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട സ്ഥിതി ഉണ്ടാവില്ലെന്ന് കരുതുന്നതായി സംഘാടക സമിതി ഇന്നലെയും പത്രക്കുറിപ്പിൽ അറിയിച്ചു. വൈറസ് ബാധ ഒഴിവാക്കാൻ വേണ്ടിയാണ് ഇപ്പോൾ കായിക മത്സരങ്ങൾ നിറുത്തി വയ്ക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

# അവസാന വിവരമനുസരിച്ച് ജപ്പാനിൽ 170 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം യോക്കോ ഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ക്രൂയ്‌സ് ഷിപ്പിലെ രോഗ ബാധിതരുടെ എണ്ണം 691 ആയി.

# അടുത്തമാസം ന്യൂഡൽഹിയിൽ നടക്കേണ്ട ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് ചൈന ഉൾപ്പെടെ ആറു രാജ്യങ്ങൾ പിൻമാറി. ഹോംഗ്‌കോംഗ്, മക്കാവു, ഉത്തരകൊറിയ, തുർക്ക് മെനിസ്ഥാൻ എന്നിവയാണ് പിൻമാറിയ മറ്റ് രാജ്യങ്ങൾ.

# യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ വർഷം നടക്കേണ്ട യൂറോ കപ്പിന്റെ മുന്നൊരുക്കങ്ങൾ യുവേഫ ചർച്ച ചെയ്തു.

# വൈറസ് ബാധിതമായ ഇറ്റലിയിലെ യൂറോപ്യൻ ഫുട്ബാൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ തീരുമാനിച്ചു.