ഗജവിസ്‌മയത്തിന്റെ തലപ്പൊക്കം ചാഞ്ഞു,​ ഗുരുവായൂർ പത്മനാഭന് വിട

Thursday 27 February 2020 1:01 AM IST

ഗുരുവായൂർ: തലയെടുപ്പിന്റെ ഗജമുദ്ര മാഞ്ഞു. ആനപ്രേമികൾക്കു മുന്നിൽ എഴുന്നള്ളത്തിന്റെ ഉത്സവസൗന്ദര്യമായി നിറഞ്ഞുനിന്ന ഗജരത്നം ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു. എൺപത്തിനാലു വയസ്സുണ്ടായിരുന്ന പദ്മനാഭൻ പ്രായാധിക്യം കാരണം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. 66 വർഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ ഗജേന്ദ്രൻ ഇന്നലെ ഉച്ചയ്‌ക്ക് 2.10 ന് ചരിഞ്ഞതോടെ എഴുന്നള്ളിപ്പാനകളിലെ ഏറ്റവും ലക്ഷണമൊത്ത സാന്നിദ്ധ്യമാണ് ഓർമ്മയായത്. ഉയരക്കൂടുതലുള്ള ആനകൾ കേരളത്തിൽ വേറെയുണ്ടെങ്കിലും,​ ഗജലക്ഷണപ്രകാരം രാജകീയപ്രൗഢിയിൽ പദ്മനാഭനെ വെല്ലാൻ മറ്റൊരു പേരുണ്ടായിരുന്നില്ല.