അരൂജാസിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സി.ബി.എസ്.ഇ അഫിലിയേഷൻ ലഭിക്കാത്തതിനാൽ തോപ്പുംപടി അരൂജാസ് ലിറ്റിൽസ്റ്റാർ സ്കൂളിലെ പത്താം ക്ളാസ് പരീക്ഷ എഴുതാൻ കഴിയാത്തവർ ഉൾപ്പെടെ 34 വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കുന്നതിന് സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകണം. കുട്ടികളുടെ ഭാവി പന്താടിയ സി.ബി.എസ്.ഇയെ കോടതി രൂക്ഷമായി വിമർശിച്ചു.
പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സി.ബി.എസ്.ഇ. നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിംഗിൾബെഞ്ച് വിമർശിച്ചു. തിരുവനന്തപുരം റീജിയണൽ ഓഫീസർ സച്ചിൻ ഠാക്കൂർ കോടതി നിർദ്ദേശപ്രകാരം നേരിട്ട് ഹാജരായയാണ് വിശദീകരണം നൽകിയത്.
അരൂജാസ് സ്‌കൂൾ മാനേജ്‌മെന്റ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ ഈ കുട്ടികൾക്ക് താത്പര്യമുണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അക്കാര്യം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് തീരുമാനിക്കേണ്ടതെന്ന് കോടതി പറഞ്ഞു. കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും നിർദേശിച്ചു.
സി.ബി.എസ്.ഇക്ക് രൂക്ഷവിമർശനം
അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരെ സി.ബി.എസ്.ഇ നടപടി സ്വീകരിക്കാത്തതിനെ കോടതി വിമർശിച്ചു. നാടുനീളെ സ്‌കൂളുകൾ അനുവദിച്ച ശേഷം അന്വേഷണവും ഉത്തരവാദിത്വവും സി.ബി.എസ്.ഇ നടത്തുന്നില്ല. കുറച്ച് ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ ഒഴിവായേനെ. അരൂജാസ് സ്‌കൂളിലെ കുട്ടികളെ ആറുവർഷമായി പെരുമ്പാവൂരിലെ സ്‌കൂൾ വഴിയാണ് പത്താംക്ലാസ് പരീക്ഷ എഴുതിച്ചത്. സി.ബി.എസ്.ഇ. ഓഫീസർമാരുടെ അറിവോടെയായിരുന്നോ ഇതെന്ന് കോടതി ചോദിച്ചു. അംഗീകാരമില്ലാത്ത സ്‌കൂളിലെ കുട്ടികളെ അംഗീകാരമുള്ള സ്‌കൂളുകളിൽ എഴുതിക്കുന്നത് എങ്ങനെയാണ്. സി.ബി.എസ്.ഇ. ഹാജരാക്കിയ ഫയൽപോലും സംശയകരമാണ്. കാര്യങ്ങളെല്ലാം വ്യക്തമാക്കി സി.ബി.എസ്.ഇ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.
കേസ് മാർച്ച് നാലിന് വീണ്ടും പരിഗണിക്കും. അന്ന് സി.ബി.എസ്.ഇ. റീജിയണൽ ഓഫീസർ എല്ലാ രേഖകളുമായി ഹാജരാകണം. പരാതി അന്വേഷിക്കുന്ന പൊലീസ് ഓഫീസറും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.