ആദ്യ എൽ.എൻ.ജി ബസ് നിരത്തിലിറങ്ങി
കൊച്ചി: എൽ.എൻ.ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഫ്‌ളാഗ് ഒഫ് ചെയ്തു. പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിൽ നടന്ന ചടങ്ങിൽ എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
അന്തരീക്ഷ മലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും സി.എൻ.ജി, എൽ.എൻ.ജി എന്നിവ ജനകീയമാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. ഇ-ഓട്ടോ പോലുള്ള ഇലക്ട്രോണിക് വാഹനങ്ങൾക്ക് സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. എൽ.എൻ.ജി ബസ് പോലുള്ള വലിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഉടമസ്ഥർക്ക് പാക്കേജുകളോ ഡിസ്‌കൗണ്ടുകളോ കൊടുക്കാൻ കഴിയുമോയെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
ബസ് ജീവനക്കാർക്ക് സഞ്ചരിക്കാൻ
ജീവനക്കാരുടെ ഗതാഗത സൗകര്യത്തിനാണ് പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് ഇപ്പോൾ രണ്ട് ബസുകൾ ഇവറക്കിയിരിക്കുന്നത്. 450 ലിറ്റർ ശേഷിയുള്ള ക്രയോജനിക് ടാങ്കാണ് ബസിലുള്ളത്. ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതിലൂടെ 900 കിലോ മീറ്റർ ബസിന് ഓടാൻ കഴിയും. നാല് മുതൽ അഞ്ച് മിനിറ്റ് വരെയാണ് ബസിൽ ഇന്ധനം നിറയ്ക്കാൻ എടുക്കുന്ന സമയം. സുരക്ഷിതവും മലിനീകരണം കുറവുള്ളതുമായ ഇന്ധനമാണ് എൽ.എൻ.ജി.