കൈഞരമ്പ് മുറിച്ച് ചുവരിലുരച്ച് ജോളിയുടെ ആത്മഹത്യാശ്രമം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് കൈഞരമ്പ് കടിച്ചുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജില്ലാ ജയിലിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കപ്പെട്ട ജോളി അപകടനില തരണം ചെയ്തു.
കൈഞരമ്പ് കടിച്ചുമുറിച്ച ശേഷം ചുമരിൽ ഉരച്ച് മുറിവ് വലുതാക്കുകയായിരുന്നു. സെല്ലിൽ ഒപ്പം കഴിയുന്ന മറ്റു തടവുപുള്ളികളാണ് ആത്മഹത്യാശ്രമം ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉടൻ ജോളിയെ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
സുരക്ഷാകാരണങ്ങളാൽ ജോളിയെ ഒരു സെല്ലിൽ ആറു പ്രതികൾക്കൊപ്പമാണ് പാർപ്പിച്ചിരുന്നത്.
ജയിലിലായ ആദ്യനാളുകളിൽ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നുവെങ്കിലും നിരന്തര കൗൺസലിംഗിലൂടെ ജോളിയുടെ മനോഭാവത്തിൽ മാറ്റം വന്നിരുന്നു. അതോടെ മറ്റു തടവുകാരോട് ഇടപഴകാനും തുടങ്ങിയതാണ്. പിന്നീട് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ജോളിയിൽ വീണ്ടും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാരുടെ സെല്ലിൽ പ്രവേശിപ്പിച്ച ജോളിക്ക് പൊലീസ് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമത്തിനും കേസെടുത്തു.
ആത്മഹത്യയ്ക്ക് ശ്രമിച്ചതുകാരണം ജോളിക്ക് ജാമ്യത്തിനുള്ള സാദ്ധ്യത തീർത്തും മങ്ങി. നേരത്തെ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്റെ പ്രധാനവാദം ജോളി പുറത്തിറങ്ങിയാൽ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു.