ഇടതു മുന്നണിയിൽ തന്നെ തുടരും: ഡോ. കെ സി ജോസഫ്
കോട്ടയം: ഇടതു മുന്നണിയിലുള്ള ജനാധിപത്യ കേരള കോൺഗ്രസിനെ ജോസഫ് ഗ്രൂപ്പിൽ ലയിപ്പിക്കാൻ ചർച്ച നടത്തിയെന്ന പി.ജെ .ജോസഫിന്റെ പ്രസ്താവന ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ. കെ സി ജോസഫ് തള്ളി. 'ലയനം പാർട്ടിയുടെ അജണ്ടയിലില്ലെന്നും തനതു വ്യക്തിത്വവുമായി മുന്നോട്ടു പോകാനാണ് കഴിഞ്ഞ 22ന് കോട്ടയത്തു ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്നും കെ. സി ജോസഫ് കേരളകൗമുദിയോട് പറഞ്ഞു.
മാർച്ച് 14 ന് സംസ്ഥാന- ജില്ലാ- പോഷക സംഘടനാ ഭാരവാഹികളുടെ ക്യാമ്പും മേയ് ഒൻപതിന് കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം.ജോർജ് ജന്മശതാബ്ദി സമാപന സമ്മേളനത്തിന്റെ ഭാഗമായി കാർഷിക സമ്മേളനവും നടത്താനും തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്നും ഡോ. കെ.സി. ജോസഫ് വ്യക്തമാക്കി.
തെറ്റിദ്ധാരണ പരത്താനാണ് പി ജെ ജോസഫിന്റെ ശ്രമം. വെടക്കാക്കി തനിക്കാക്കുന്ന കളിയാണിത്. ജോണി നെല്ലൂരിനെ ഒപ്പം കൂട്ടാൻ ജേക്കബ് ഗ്രൂപ്പ് പിളർത്തി. ഇനി പി.സി.ജോർജിനെ ലയിപ്പിക്കാനാണ് ശ്രമം. കേരള കോൺഗ്രസ് ഗ്രൂപ്പുകളെ പിളർത്താനുള്ള നീക്കത്തിന് നിന്നു കൊടുക്കാൻ ഞങ്ങളില്ല. തുടർച്ചയായി അഞ്ചു തവണ കുട്ടനാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച തന്നെ സീറ്റ് വാഗ്ദാനം ചെയ്ത് ജോസഫ് ഗ്രൂപ്പിലെത്തിക്കാൻ ശ്രമം നടത്തിയെന്ന പ്രചാരണവും ഡോ.കെ.സി ജോസഫ് തള്ളി.
ജനാധിപത്യ കേരള കോൺഗ്രസ് ചെയർപേഴ്സൺ ഫ്രാൻസിസ് ജോർജിനെ മാത്രം പാർട്ടിയിൽ എത്തിക്കാനും പി.ജെ. ജോസഫ് വിഭാഗം ശ്രമിച്ചിരുന്നു. ഇടതു പക്ഷത്തുള്ള ജനാധിപത്യ കേരള കോൺഗ്രസ് വിട്ട് മറ്റൊരു മുന്നണിയിലേക്കോ പാർട്ടിയിലേക്കോ ഇല്ലെന്ന് പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ഫ്രാൻസിസ് ജോർജ് മറ്റു നേതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു . എന്നാൽ ജേക്കബ് ഗ്രൂപ്പിനെ പിളർത്തിയതു പോലെ ഫ്രാൻസിസ് ജോർജ് വിഭാഗത്തെ പിളർത്താനുള്ള കളികൾ ജോസഫ് വിഭാഗം നടത്തുകയാണെന്ന പ്രചാരണം ശക്തമാണ്.
ബൈറ്റ്
.............
ജോസഫ് ഗ്രൂപ്പിൽ ലയിക്കില്ല. ഇടതു ഘടകകക്ഷിയായി തുടരും. ആളെക്കൂട്ടാൻ പി.ജെ. ജോസഫ് നടത്തുന്ന കളിക്ക് ഞങ്ങളില്ല. ഒരു ലയന ചർച്ചയും നടത്തിയിട്ടില്ല.
- ഡോ. കെ സി ജോസഫ്
വർക്കിംഗ് ചെയർമാൻ, ജനാധിപത്യ കേരള കോൺഗ്രസ്