ആഭ്യന്തര വകുപ്പിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണം : ചെന്നിത്തല
തൃശൂർ: ആഭ്യന്തര വകുപ്പിലെ അഴിമതി സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും അഴിമതി ഒളിച്ചുവയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തീവെട്ടിക്കൊള്ള മൂടി വയ്ക്കുന്ന മുഖ്യമന്ത്രിക്കും ഇതിൽ പങ്കുള്ളത് കൊണ്ടാണ് അദ്ദേഹം ഡി.ജി.പിയെ ഭയക്കുന്നത്.തോക്കും വെടിയുണ്ടകളും കാണാതായ സംഭവം നിസാരമായി തളളാനാവില്ല. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പദ്ധതി ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞു.. കഴിഞ്ഞദിവസം , പദ്ധതിയുടെ ടെൻഡർ റദ്ദാക്കി.
പ്രളയഫണ്ട് വിനിയോഗത്തിലും സമഗ്ര അന്വേഷണം വേണം. സി.പി.എം പ്രവർത്തകരാണ് ഫണ്ട് തട്ടിയെടുത്തത്. റീബിൽഡ് കേരളയ്ക്ക് ലോകബാങ്കിൽ നിന്ന് ലഭിച്ച വായ്പയുടെ ഒന്നാം ഗഡുവായ 1779.58 കോടി സർക്കാർ വക മാറ്റി ചെലവഴിച്ചു. ആ പണം ഇപ്പോൾ എവിടെയെന്ന് ആർക്കും അറിയില്ല. കഴിഞ്ഞ ബഡ്ജറ്റിൽ കേരള പുനർനിർമ്മാണത്തിനായി ആയിരം കോടി രൂപ വകയിരുത്തി. പ്ലാനിംഗ് ബോർഡിന്റെ പുതിയ കണക്ക് പ്രകാരം ,ഇതിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല..
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സർക്കാർ തലത്തിൽ ധൂർത്ത് തുടരുകയാണ്. മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും യാത്ര ചെയ്യാനായി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത് ഓരോ മാസവും 1.44 കോടി രൂപ അധികച്ചെലവുണ്ടാക്കുന്നു. ജയിലുകളിൽ ജോലി ചെയ്യുന്ന തടവുപുള്ളികൾക്ക് പോലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ്, കഴിഞ്ഞ നാല് മാസമായി ശമ്പളം നൽകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.