കാത്തിരിപ്പ് സഫലമായില്ല; നാടിന്റെ കണ്ണീരോർമ്മയായി ദേവനന്ദ

Saturday 29 February 2020 12:23 AM IST

കൊല്ലം: നാടിന്റെ പ്രാ‌ർത്ഥനയും കാത്തിരിപ്പും വിഫലമാക്കി വീടിന് വിളിപ്പാടകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ ദേവനന്ദ കണ്ണീരോർമ്മയായി.

വ്യാഴാഴ്‌ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ (പൊന്നു -7) മൃതദേഹം ഇന്നലെ രാവിലെ ഏഴേകാലോടെയാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് 350 മീറ്റർ അകലെ വള്ളിച്ചെടികൾക്കിടയിൽ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ആറ്റിൽ മൃതദേഹം കാണപ്പെട്ടത്. കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന ഇരുണ്ട പച്ച പാന്റ്സും റോസ് ബനിയനും ശരീരത്തിലുണ്ടായിരുന്നു. മൃതദേഹം കരയിലേക്ക് മാറ്റി പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ഫോറൻസിക് വിദഗ്ദ്ധയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ നാടാകെ ഇളവൂരിലേക്ക് ഒഴുകിയെത്തിയിരുന്നു.

മസ്‌കറ്റിൽ നിന്ന് ഇന്നലെ രാവിലെ നാട്ടിലെത്തിയ അച്ഛൻ പ്രദീപിനെ കാത്തിരുന്നത് ദേവനന്ദയുടെ മരണ വിവരമാണ്. ആറ്റിന്റെ കരയിലെടുത്ത് കിടത്തിയ മൃതദേഹം കണ്ട് നിലവിളിയോടെ പ്രദീപ് പിന്നിലേക്ക് വീണു. തിങ്ങിനിറഞ്ഞ ജനാവലിയുടെ തേങ്ങലുകൾക്ക് ഇടയിലൂടെയാണ് ഒമ്പതരയോടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ട് നാലോടെ ദേവനന്ദയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇത്തിക്കരയാറിന്റെ ഓരം കണ്ണീർക്കായലായി മാറിയിരുന്നു. നിലയ്‌ക്കാത്ത നിലവിളികൾക്കിടെ അവളുടെ ശരീരം വീടിന് മുന്നിൽ കെട്ടിയ ടാർപ്പോളിന് കീഴെ വെള്ളമുണ്ട് വിരിച്ച കട്ടിലിൽ കിടത്തി. ധന്യയും പ്രദീപും അവരുടെ പൊന്നുവിനെ കണ്ട നിമിഷങ്ങളിൽ ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരടക്കം കണ്ണീരണിഞ്ഞു.

വീട്ടിലെ പൊതുദർശനത്തിന് ശേഷം ദേവനന്ദ ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാനികേതനിൽ മൃതദേഹം എത്തിക്കുമ്പോൾ സഹപാഠികളും നാട്ടുകാരുമടക്കം വൻ ജനാവലി കാത്തുനിന്നിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരിക്ക് കണ്ണീർ പൂക്കൾ വിതറിയാണ് കുരുന്നുകൾ അന്ത്യയാത്ര നേർന്നത്. അഞ്ചരയോടെ പ്രദീപിന്റെ കുടവട്ടൂരിലെ വീട്ടിൽ ദേവനന്ദയുടെ ശരീരമെത്തിക്കുമ്പോൾ നാട് മുഴുവൻ തങ്ങളുടെ പ്രിയപ്പെട്ടവളെ കാത്ത് അവിടെയുണ്ടായിരുന്നു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സന്ധ്യയോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.

ആറ്റുകരയിൽ ബാക്കിയാകുന്ന സംശയം

സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയില്ലെന്ന ഇൻക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞില്ല. മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്‌ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകൾ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയൽ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയിൽ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്.

''

സംശുദ്ധവും നീതി പൂർവുമായ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം.

എൻ.കെ.പ്രേമചന്ദ്രൻ എം.പി