സി.കെ.പത്മനാഭൻ നിരാഹാരം തുടരുന്നു, ബി. ജെ.പി സമരം പത്താം ദിവസത്തിൽ

Wednesday 12 December 2018 9:48 AM IST
ശബരിമല വിഷയത്തിൽ നിരാഹാരം കിടന്നിരുന്ന എ.എൻ.രാധാകൃഷ്ണനെ പൊലീസ് അശുപത്രിയിലേക്കു മാറ്റിയതിനെ തുടർന്ന് സമരം ഏറ്റ് എടുത്ത സി.കെ.പത്മനാഭനെ ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി പ്രസാധം നൽകി അനുഗ്രഹിക്കുന്നു.

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, അയ്യപ്പഭക്തർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക്. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.പത്മനാഭൻ ഏറ്റെടുത്ത നിരാഹാരം മൂന്നാം ദിവസത്തിലേക്കും കടന്നു.

നിരാഹാരം ആരംഭിച്ച ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ ആരോഗ്യനില വഷളായതിനാൽ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടർന്നാണ് സി.കെ.പത്മനാഭൻ സമരം ഏറ്റെടുത്തത്.

സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തിങ്കളാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ ബി.ജെ.പി തലസ്ഥാനത്ത് നടത്തിയ ഹർത്താലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് പ്രവർത്തകർ പ്രകടനവും ധർണയും നടത്തി. എൻ.ഡി.എ നേതാക്കളും ത്യശൂരിലെ പ്രവർത്തകരും ഇന്നലെ സി.കെ.പത്മനാഭന് പിന്തുണ അറിയിച്ച് സമര പന്തലിലെത്തി. സർക്കാർ നിലപാട് മാറ്റുന്നതുവരെ സമരം തുടരാനാണ് പാർട്ടി തീരുമാനം.