ഇത് ചെയ്യാൻ പൃഥ്വിരാജ് തയ്യാറാകുമോ എന്നാണ് ബിജു എന്നോട് ചോദിച്ചത്
റിലീസ് ചെയ്‌ത് ദിവസങ്ങൾക്കിപ്പുറവും തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് അയ്യപ്പനും കോശിയും. സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സിനിമയിൽ പലപ്പോഴും പലയിടങ്ങളിൽ പൃഥ്വിരാജിന് മുകളിൽ ബിജു മേനോന്റെ കഥാപാത്രത്തിന് സംവിധായകൻ സ്പേസ് നൽകിയിട്ടുണ്ട്. ഇതിന് പൃഥ്വിരാജ് സ്വയം തയ്യാറായതാണെന്ന് പറയുകയാണ് സച്ചി. ഒപ്പം അതിന്റെ കാരണവും. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം മനസു തുറന്നത്.
'പൃഥ്വിരാജ് അങ്ങനെയാണ്. പൃഥ്വിരാജിനെ സംബന്ധിച്ച് സിനിമയാണ് വലുത്. താരഭാരമൊന്നും പൃഥ്വിയെ ബാധിക്കുന്ന ഒന്നല്ല. അത് പൃഥ്വിരാജ് എന്നുപറയുന്ന വ്യക്തിയുടെ ഗുണമാണ്. ഇനിയുള്ള മലയാള സിനിമയുടെ തുടർച്ച അങ്ങനെയാണ്. താരങ്ങൾ നമുക്ക് ആവശ്യം തന്നെയാണ്. ജനങ്ങളുടെ മനസിൽ കയറുന്ന കഥാപാത്രങ്ങൾ ചെയ്‌താണ് ഒരു നല്ല നടൻ താരപരിവേഷത്തിലേക്ക് എത്തുന്നത്. അയാളുടെ കഴിവു കൊണ്ട് പലകഥാപാത്രങ്ങൾ ചെയ്‌ത് ഫലിപ്പിച്ച് ജനങ്ങളുടെ മനസിൽ നേടിയെടുക്കുന്ന ഒരു അംഗീകാരമാണ്.
അയ്യപ്പനും കോശിയിലും പൃഥ്വിരാജിന് അറിയാം പലസ്ഥലത്തും ബിജുമേനോൻ കയറുന്നുണ്ടെന്ന്. പക്ഷേ നടനെന്ന നിലയിൽ പൃഥ്വിരാജ് നോക്കുന്നത് ഏറ്റവും കൂടുതൽ ഡയമെൻഷൻസ് ഉള്ള ക്യാരക്‌ടർ ആരാണെന്നാണ്. അത് കോശിയാണ്. ഈ കഥപാത്രങ്ങളെ കുറിച്ച് ആദ്യം കേൾപ്പിച്ചത് ബിജുവിനെയാണ്. ബിജു ഓകെ ആയിരുന്നു. എന്നാൽ ബിജു എന്നോട് ചോദിച്ചത് പൃഥ്വി ഇത് ചെയ്യുമോ എന്നാണ്. പൃഥ്വി ചെയ്യും, നമുക്ക് നോക്കാം എന്നാണ് ഞാൻ പറഞ്ഞത്.
കഥ പറയുന്ന സമയത്ത് പൃഥ്വി കുട്ടിക്കാനത്ത് ഒരു ഷൂട്ടിലായിരുന്നു. രാത്രി ഒമ്പതരയ്‌ക്കാണ് അദ്ദേഹം എത്തിയത്. അവിടുന്ന് തുടങ്ങിയ സ്‌ക്രിപ്‌റ്റ് വായന ആദ്യഭാഗം തീർന്നത് പാതിരാത്രി ഒന്നരമണിക്കാണ്. ആ സമയത്ത് പുള്ളി ഭയങ്കര എക്‌സൈറ്റഡ് ആയി. രാത്രി ഒരു മണി കഴിഞ്ഞില്ലേ നാളെ പറഞ്ഞാൽ പോരെ എന്ന് ഞാൻ പറഞ്ഞപ്പോൾ, വേണ്ട.. നിങ്ങൾക്ക് കുഴപ്പിമില്ലെങ്കിൽ ഇപ്പോൾ തന്നെ നമുക്ക് ബാക്കി കേൾക്കാം. ഫിനിഷ് ചെയ്‌തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അങ്ങനെ വായിച്ചു തീർന്നു കഴിഞ്ഞുടൻ എന്തു തോന്നുന്നു എന്ന എന്റെ ചോദ്യത്തിന്, എന്തു തോന്നാൻ ഞാൻ ഇത് ചെയ്യുന്നു എന്ന മറുപടിയാണ് പൃഥ്വി നൽകിയത്. ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ വളരെ പെട്ടെന്ന് അത് ചെയ്യാം എന്നുപറയുന്നതാണ് ആ നടനിലെ വലിപ്പം'.