ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സംഭവസ്ഥലത്ത് പൊലീസ് സർജന്മാരുടെ പരിശോധന
കൊല്ലം: ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജന്മാർ ഇളവൂരിലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.കെ.ശശികല, ഡോ.വത്സല, ഡോ.ഷീന എന്നിവരാണ് ഇന്നലെ ഉച്ചയ്‌ക്കുശേഷം ഇളവൂരിലെത്തിയത്.
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ആറിന് കുറുകെയുള്ള നടപ്പാലത്തിലെത്തിയ സംഘം ആറിന്റെ ആഴം അളന്നു.
നടപ്പാലത്തിന്റെ ഇടതുഭാഗത്ത് കമ്പുകൾ ആഴ്‌ത്തിയാണ് ആഴം തിട്ടപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ ആറ്റുതീരത്തെ വള്ളിപ്പടർപ്പുകൾക്കടുത്തെത്തിയ സംഘത്തെ മൃതദേഹം കരയിലേക്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ലാപ്ടോപ്പിൽ കാണിച്ചുകൊടുത്തു. രണ്ടരയോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ സംഘം അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ചചെയ്‌ത ശേഷമാണ് ഇളവൂരിൽ ദേവനന്ദയുടെ അമ്മ ധന്യയുടെ കുടുംബ വീട്ടിലെത്തിയത്. വീടിനുള്ളിലെ മുറികൾ, അടുക്കള, ദേവനന്ദയെ കാണാതാകുന്ന സമയത്ത് അമ്മ ധന്യ തുണി അലക്കിയിരുന്ന അലക്ക് കല്ലിന്റെ പരിസരം, വീടിന്റെ പിൻവശം എന്നിവിടങ്ങൾ പൊലീസ് സർജന്മാർ പരിശോധിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി. പിന്നീടാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം പരിശോധിച്ചത്.
ദേവനന്ദയുടെ വീട്ടിൽ നിന്ന് 70 മീറ്റർ അകലെയുള്ള കൽപ്പടവുകളിലെത്തി, കുട്ടി അതുവഴി ആറ്റിലേക്കിറങ്ങാനുള്ള സാദ്ധ്യതകൾ അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തു. കുടവട്ടൂരിൽ ദേവനന്ദയെ സംസ്‌കരിച്ച കുടുംബ വീട്ടിലെത്തി അച്ഛൻ പ്രദീപിനെയും അമ്മ ധന്യയെയും കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് ഡോക്ടർമാർ മടങ്ങിയത്.
പൊലീസ് സർജന്മാരുടെ റിപ്പോർട്ടും ദേവനന്ദയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ റിപ്പോർട്ടും ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന ആദ്യനിഗമനത്തിൽ തന്നെയാണ് പൊലീസ്. അസ്വാഭാവിക മരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദേവനന്ദയുടെ കുടുംബം. ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെയാണ് ഇത്തിക്കരയാറിന്റെ കൈവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
''ഇപ്പോൾ ഒന്നും പറയാനാകില്ല. പരിശോധന സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകും.
-ഡോ.കെ.ശശികല,
പൊലീസ് സർജൻ
''പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ ശാസ്ത്രീയ പരിശോധനകളുടെ ഫലത്തിനായി കാത്തിരിക്കുന്നു.
ജോർജ് കോശി,
ചാത്തന്നൂർ എ.സി.പി