കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് തർക്കം: ജനത്തെ പൊരിച്ച് മിന്നൽ സമരം, ഒരു യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

Thursday 05 March 2020 12:00 AM IST

തിരുവനന്തപുരം: കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്വകാര്യ ബസ് കയറിയതിനെ ചൊല്ലിയുണ്ടായ സംഘർഷം ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കലാശിച്ചതോടെ തലസ്ഥാന നഗരം ഇന്നലെ ആറ് മണിക്കൂർ സ്തംഭിച്ചു. ജനം പൊടുന്നനെ ദുരിതത്തിലായി. സമരത്തിൽ കുടുങ്ങി കാച്ചാണി സ്വദേശി സുരേന്ദ്രൻ (64) എന്ന യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. കെ.എസ്.ആർ.ടി.സിയുടെ സിറ്റി, സംസ്ഥാന, അന്തർ സംസ്ഥാന സർവീസുകൾ മുടക്കി ജീവനക്കാർ സമരത്തിനിറങ്ങി. നഗരവീഥികളിൽ കിലോമീറ്ററുകളോളം ബസുകൾ തലങ്ങും വിലങ്ങും നിറുത്തിയിട്ടത് ഗതാഗതക്കുരുക്കുണ്ടാക്കി.

നിയമസഭ സമ്മേളിച്ചുകൊണ്ടിരിക്കെ, തങ്ങളുടെ മൂക്കിന് താഴെ ജനത്തെ ദുരിതത്തിലാക്കി അരങ്ങേറിയ മിന്നൽ സമരം തീർക്കാൻ ഭരണാധികാരികൾ സമയോചിതമായി ഇടപെട്ടതുമില്ല. നിയമസഭയിൽ ഗതാഗതമന്ത്രി അപ്പോൾ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ധനാഭ്യർത്ഥന ചർച്ച നടത്തുകയായിരുന്നു.

സ്വകാര്യബസുമായുള്ള തർക്കത്തിൽ ഇടപെട്ട പൊലീസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഒാഫീസർ ലോപ്പസിനെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടു പോകുകയും ചെയ്തതാണ് മിന്നൽ സമരത്തിന് തീപ്പൊരിയിട്ടത്. ലോപ്പസിനെ വിടാതെ ബസിൽ കയറില്ലെന്ന് ജീവനക്കാരും അറസ്റ്റിൽ നിന്ന് പിൻമാറാതെ പൊലീസും വാശിപിടിച്ചു. കുഴഞ്ഞുവീണ യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിച്ചതോടെയാണ് ജീവനക്കാരും പൊലീസും വഴങ്ങിയത്. ഗതാഗതക്കുരുക്ക് കാരണം സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാൻ ഒന്നരമണിക്കൂർ വൈകി.

സംഭവം ഇങ്ങനെ

ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് ആറ്റുകാലിലേക്കുള്ള സ്വകാര്യബസ് കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിറുത്തി ആളെ കയറ്റിയത്. ഇത് കെ.എസ്. ആർ.ടി.സി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. സ്വകാര്യബസ് ജീവനക്കാർ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതോടെ സംഘർഷമായി. പ്രശ്നം തീർക്കാനെത്തിയ പൊലീസും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി. അത് ഉന്തും തള്ളും കൈയേറ്റവുമായി. എ.ടി.ഒ ലോപ്പസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഫോർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി. അദ്ദേഹത്തെ വിട്ടുകിട്ടാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ഇതാണ് മിന്നൽ പണിമുടക്കായത്. 11 മണിയോടെ സിറ്റി സർവീസും 12 മണിയോടെ സംസ്ഥാന സർവീസുകളും സ്തംഭിച്ചു. ബസുകളെല്ലാം വഴിയിൽ നിറുത്തി ജീവനക്കാർ സമരത്തിനിറങ്ങി. വൈകിട്ട് നാലുമണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ മദ്ധ്യസ്ഥതയിൽ യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ എ.ടി.ഒ.യെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ തീരുമാനിച്ചു. അതോടെയാണ് സമരം അവസാനിപ്പിച്ചത്.

നട്ടം തിരിഞ്ഞ് ജനം

ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഫോണിലൂടെയും വാട്സ് ആപ്പ് വഴിയും പ്രചരിച്ചതോടെ സിറ്റി ബസുകൾ പൊടുന്നനെ നിറുത്തിയത് ജനത്തെ വലച്ചു. പൊരിവെയിലത്ത് അവർ മണിക്കൂറുകളോളം കാത്തുനിന്നു. എം.ജി റോഡിൽ കിഴക്കേകോട്ട മുതൽ സെക്രട്ടേറിയറ്റ് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി അറുന്നൂറോളം ബസുകളാണ് നിറുത്തിയിട്ടത്. ഓവർബ്രിഡ്‌ജ് - തമ്പാനൂർ റോഡിൽ സിറ്റി ബസുകളും ദീർഘദൂര ബസുകൾ റെയിൽവേ സ്റ്റേഷന് മുന്നിലെ റൗണ്ടിലും നിറുത്തിയിട്ടു. ഇതോടെ നഗരത്തിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വികാസ് ഭവൻ,​ പാപ്പനംകോട്,​ പേരൂർക്കട ഡിപ്പോകളിലും ബസുകൾ നിറുത്തിയിട്ട് ഡ്രൈവർമാർ പണിമുടക്കി. ഓടിയ സ്വകാര്യ ബസുകൾ മണിക്കൂറുകളോളം കുരുക്കിൽ പെട്ടു. ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാനായില്ല. രോഗികൾക്ക് ആശുപത്രിയിൽ എത്താനായില്ല. ട്രെയിനിൽ എത്തിയവർ നഗരത്തിൽ കുടുങ്ങി. സി.ബി.എസ്.ഇ പരീക്ഷാർത്ഥികളും അഭിമുഖങ്ങൾക്കെത്തിയ ഉദ്യോഗാർത്ഥികളും വലഞ്ഞു. യാത്രക്കാർ പലയിടത്തും റോഡിലിറങ്ങി പ്രതിഷേധിച്ചു. ഗതാഗതമന്ത്രിയോ, കെ.എസ്.ആർ.ടി.സി എം.ഡിയോ പൊലീസിലെ ഉന്നതരോ ഇടപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്. സർവീസ് സ്തംഭനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

നല്ല പ്രവണതയല്ല: മന്ത്രി ശശീന്ദ്രൻ

ജീവനക്കാരുടെ മിന്നൽ സമരവും യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചതും ജില്ലാകളക്ടർ അന്വേഷിക്കും. പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുണ്ടെങ്കിലും മിന്നൽ പണിമുടക്ക് നടത്തി ജനങ്ങളെ പെരുവഴിയിലാക്കുന്നതു നല്ലതല്ല.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
മിന്നൽ പണിമുടക്ക് നടത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ കെ.എസ്.ആർ.ടി.സിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കെ.എസ്.ആർ.ടി.സി എം.ഡിയും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.