അശ്വതി തിയേറ്ററിനെതിരായ പിഴ ബി.ഡി.ജെ.എസ് നൽകും
തൃശൂർ: ആലുവ അശ്വതി നാടക തിയേറ്റേഴ്‌സിനെതിരായ നടപടികളുമായാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുന്നതെങ്കിൽ നാടക കമ്പനിയിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ച പിഴത്തുക ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് തുഷാാർ വെള്ളാപ്പള്ളി പറഞ്ഞു.
ഈ നാടക കമ്പനിയെ എനിക്കറിയില്ല. പക്ഷേ നാടകം എന്ന കലയെയും കലാകാരന്മാരെയും കുറിച്ചറിയാം. പണ്ട് നാട്ടിൻപുറങ്ങളിൽ നാടകങ്ങളിലൂടെ ആശയപ്രചരണം നടത്തി അധികാരത്തിൽ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അറിയാം. അത്തരത്തിലുള്ള സർക്കാർ ഭരിക്കുമ്പോൾ, അസംഘടിതരായ കലാകാരന്മാരുടെ വീടുകളിൽ പട്ടിണി മാറ്റേണ്ട തുക ഉദ്യോഗസ്ഥർ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണം. വണ്ടിയിൽ ഒരു ബോർഡ് പ്രദർശിപ്പിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന ഈ പരാക്രമം ഒട്ടുമിക്ക വകുപ്പിലും കാണുന്നുണ്ട്. ഉദ്യോഗസ്ഥ ഭരണം സംസ്ഥാനത്ത് അവസാനിപ്പിക്കണം. ഇതേ സമയം തന്നെയാണ് ഒരു കൂട്ടം ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഒരു സാധാരണക്കാരന്റെ ജീവൻ അപഹരിച്ചതെന്നതും കാണേണ്ടത് .ഇതുപോലുള്ള ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്ന് തുഷാർ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.