തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്: ഗായിക സംഗീതയുമായുള്ള വിവാഹത്തെക്കുറിച്ച് ശ്രീകാന്ത് മുരളി

Monday 09 March 2020 12:49 PM IST

നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 'എബി' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സംവിധായക മികവ് തെളിയിച്ച ശ്രീകാന്ത്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറൻസിക്,​കക്ഷി അമ്മിണിപിള്ള പോലുള്ള നിരവധി സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി.

ശ്രീകാന്ത് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും മലയാളികൾക്ക് സുപരിചിതയാണ്. സംഗീത പാടിയ മഹേഷിന്റെ പ്രതികാരത്തിലെ ‘തെളിവെയിലഴകും’ എബിയിലെ ‘പാറിപ്പറക്കൂ കിളി’, തുടങ്ങിയ പാട്ടുകൾ സംഗീതപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴിതാ കൗമുദിടിവിയുടെ താരപ്പകിട്ടിലൂടെ താനും ഭാര്യയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്.

'പ്രണയ വിവാഹമായിരുന്നു. ഞാനും സംഗീതയും തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. സംഗീതയും എട്ടനും തമ്മിൽ പത്ത് വയസിന് വ്യത്യാസമുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണമെന്ന് തീരുമാനമെടുത്തത്. രക്ഷിതാക്കളോട് പറയുകയായിരുന്നു. അവർക്ക് രണ്ടുപേരെയും നന്നായിട്ട് അറിയാവുന്നതുകൊണ്ട് അവർ വളരെ ഹാപ്പിയായിട്ട്, ഞങ്ങൾ നിങ്ങളെപ്പോഴാ പറയുന്നത് എന്ന നിലയ്ക്കായിരുന്നു. വളരെ പോസിറ്റീവ് ആയിരുന്നു. അതിനിടയ്ക്കുള്ള ഗ്യാപ്പിൽ ഫുൾ ഉപദേശമായിരുന്നു'- അദ്ദേഹം പറഞ്ഞു.

ഒരു ഷോയ്ക്കിടെയാണ് ഇരുവരും തമ്മിൽ കാണുന്നത്. 'സംഗീത മാതാപിതാക്കളോട് സംസാരിച്ചു. ശേഷം സംഗീതയുടെ അച്ഛൻ എന്റെ അച്ഛനോട് സംസാരിച്ചു'- ശ്രീകാന്ത് പറഞ്ഞു. തങ്ങൾ നല്ല റൊമാന്റികാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.