പിഴവുകളോടെ പി.എസ്.സി ഉത്തരസൂചിക : ശരിക്ക് നെഗറ്റീവ് മാർക്ക്;തെറ്റിന് മൂന്ന്

Monday 16 March 2020 12:00 AM IST

പത്തനംതിട്ട: ശരിയായ ഉത്തരം രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥികളുടെ മൂന്ന് മാർക്ക് നഷ്ടമാകും. കൂടാതെ ഒരു നെഗറ്റീവ് മാർക്കും. തെറ്റായ ഉത്തരത്തിന് ലഭിക്കുക മൂന്ന് മാർക്കും

.പി.എസ്.സി കഴിഞ്ഞ ഫെബ്രുവരി ഒന്നിന് നടത്തിയ ജൂനിയർ കോ -ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയുടെ ഉത്തരസൂചികയിൽ കടന്നുകൂടിയ ഗുരുതരമായ പിഴവുകളാണ് കാരണം. കരട് ഉത്തരസൂചികയിൽ ആറ് ചോദ്യങ്ങൾക്കാണ് തെറ്റായ ഉത്തരമുണ്ടായിരുന്നത്. ഇത് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഉദ്യോഗാർത്ഥികൾ പിഴവ് ചൂണ്ടിക്കാട്ടി പി.എസ്.സിയെ സമീപിച്ചിരുന്നു. തുടർന്ന്, ഒരു മാസത്തിന് ശേഷം അന്തിമ സൂചിക പ്രസിദ്ധീകരിച്ചപ്പോൾ, ഇതിൽ മൂന്ന് ചോദ്യങ്ങൾ മാത്രം പി.എസ്.സി റദ്ദാക്കി. മറ്റ് മൂന്ന് ചോദ്യങ്ങൾക്കുള്ള

തെറ്റുത്തരങ്ങൾക്ക് മാറ്റമില്ല. ഇതനുസരിച്ചാവും ഇനി മൂല്യനിർണ്ണയം.ശരി ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ലഭിക്കുന്ന സാഹചര്യം നീതിനിഷേധമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

ചോദ്യാവലിയിലെ തെറ്റായ ചോദ്യങ്ങൾ

1.സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ, രജിസ്ട്രാർ റദ്ദാക്കുന്ന വകുപ്പ് ഏത് ?

a) വകുപ്പ് 73, b) വകുപ്പ് 74, c) വകുപ്പ് 72, d) വകുപ്പ് 75.

- ശരി ഉത്തരം: വകുപ്പ് 74.

-.പി.എസ്.സിയുടെ ഉത്തരം: വകുപ്പ് 75.

2.സഹകരണസംഘം നിയമത്തിലെ 68 എ വകുപ്പ് അനുസരിച്ച് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ആര് ?

a) രജിസ്ട്രാർ, b) ആർബിട്രേറ്റർ, c) വിജിലൻസ് ഒാഫീസർ,
d) ലിക്കുഡേറ്റർ.

-ശരി ഉത്തരം: വിജിലൻസ് ഒാഫീസർ.

-പി.എസ്.സിയുടെ ഉത്തരം: ആർബിട്രേറ്റർ.

3.ഒാൾ ഇന്ത്യ റൂറൽ ക്രെഡിറ്റ് റിവ്യൂ കമ്മിറ്റിയെ റിസർവ് ബാങ്ക് നിയോഗിച്ച വർഷം ഏത് ?

a) 1951, b) 1954, c) 1970, d) 1963.

- ശരി ഉത്തരം: 1966 .

-പി.എസ്.സിയുടെ ഉത്തരം: 1970.

(ഇൗ ചോദ്യത്തിന് ശരിയുത്തരം ചോദ്യവലിയിലെ ഒാപ്ഷനിൽ ഇല്ല)

'ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് വിദഗ്ദ്ധരടങ്ങുന്ന പാനൽ പരിശോധിച്ചാണ് അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. ഇതിൽ മാറ്റം വരുത്താനാവില്ല'.

-പി.എസ്.സി

'അന്തിമ ഉത്തര സൂചികയിലും തെറ്റ് ആവർത്തിച്ചതിനാൽ പി. എസ്.സി സെക്രട്ടറിക്ക് പരാതി നൽകും. നിയമനടപടികളുമായി മുന്നോട്ട് പോകും'.

-ഉദ്യോഗാർത്ഥികൾ