കൊറോണയ്ക്കെതിരെ 10 നിർദ്ദേശങ്ങളുമായി ചെന്നിത്തല

Monday 16 March 2020 1:40 AM IST

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ത് നിർദ്ദേശങ്ങളടങ്ങിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് നൽകി. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷമാണിത്.

1. ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നത് നിറുത്തിയത് പുനഃപരിശോധിക്കണം

2. എല്ലാ പരീക്ഷകളും തത്കാലത്തേക്ക് മാറ്റണം

3. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം

4. ആശുപത്രികളിൽ മാസ്‌കുകൾ, ഗൗണുകൾ, ഏപ്രണുകൾ എന്നിവ ഉറപ്പുവരുത്തണം

5. എൻ.എ.ബി.എച്ച് അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളുടെ സേവനവും ഉറപ്പുവരുത്തണം

6. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിവരങ്ങൾ പുറത്തുവിടരുത്

7. ആശുപത്രികളിൽ മെഡിക്കൽ റെപ്പുമാരെ നിയന്ത്രിക്കണം

8. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച് യാത്രയെക്കുറിച്ച് മനസിലാക്കണം

9. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. ഇന്ധന വിലവർദ്ധനയിലൂടെ ലഭിക്കുന്ന അധികനികുതി ഉപേക്ഷിക്കണം, വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം

10. ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായങ്ങളെമാത്രമേ സർക്കാർ പ്രോത്സാഹിപ്പിക്കാവൂ.