മൂന്നാം വിവാഹത്തിനൊരുങ്ങിയ സി.ആർ.പി.എഫ് ഭടൻ പിടിയിൽ
Tuesday 17 March 2020 12:39 AM IST
അഞ്ചാലുംമൂട്(കൊല്ലം): മൂന്നാം വിവാഹത്തിന് തയ്യാറെടുത്ത സി.ആർ.പി.എഫ് ഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ കാഞ്ഞാവെളിയിൽ വാടകയ്ക്ക് താമസിച്ചുവന്ന വാളകം അറയ്ക്കൽ ലോലിതഭവനിൽ അനിൽ കുമാറാണ് (38) അറസ്റ്റിലായത്. ആദ്യ ഭാര്യ വാളകം സ്വദേശിനി കൊട്ടാരക്കര റൂറൽ എസ്.പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പിടിയിലായത്.
2005ലാണ് വാളകം സ്വദേശിനിയെ വിവാഹം ചെയ്തത്. തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ ജോലിനോക്കവെ പ്രദേശവാസിയായ നഴ്‌സിനെ വിവാഹം കഴിച്ചു. ആദ്യവിവാഹം മറച്ചുവച്ചായിരുന്നു ഈ വിവാഹം. ഇന്നലെ തൃക്കരുവ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു.
ഇക്കാര്യം അറിഞ്ഞാണ് ആദ്യ ഭാര്യ പരാതി നൽകിയത്. അഞ്ചാലുംമൂട് പൊലീസ് ഞായറാഴ്ച രാത്രി പത്തരയോടെ കാഞ്ഞാവെളിയിലെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര പൊലീസിന് കൈമാറി.