ബാറുകളും ബെവ്കോ ശാലകളും അടച്ചിടില്ല; നിയന്ത്രണം മാത്രം

Thursday 19 March 2020 12:39 AM IST

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളും ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും അടച്ചിടേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യശാലകൾ അടച്ചിട്ടാൽ മദ്യദുരന്തത്തിന് സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, തൽക്കാലം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ബാറുകൾ പൂട്ടിയിടുന്നത് മദ്യദുരന്ത സാദ്ധ്യത കൂട്ടുമെന്ന എക്സൈസ്, ഇന്റലിജന്റ്സ് റിപ്പോർട്ടുകൾ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതായി അറിയുന്നു.സാനിറ്റൈസേഷൻ സാമഗ്രികളുടെ നിർമ്മാണത്തിനും മറ്റുമായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നടക്കം സ്പിരിറ്റ് നൽകുന്നുണ്ട്. മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവർ അത് ലഭിക്കാതാവുമ്പോൾ ഇത്തരം വസ്തുക്കളെ ദുരുപയോഗം ചെയ്യുന്ന പക്ഷം,അത്

ജീവന് തന്നെ ഭീഷണിയാകാം. ബാറുകൾ മാത്രം പൂട്ടിയിട്ടാൽ ബെവ്കോ, കൺസ്യൂമർഫെഡ് മദ്യവില്പനശാലകളിലെ തിരക്ക് നിയന്ത്രണാതീതമാവും.അതിനാലാണ്, തൽക്കാലം തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ജനങ്ങൾ ഒത്തുചേരുന്ന മറ്റ് കേന്ദ്രങ്ങളെല്ലാം പൂട്ടിയിട്ടും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ചില കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ബാറുകളിലെ നിയന്ത്രണങ്ങൾ:

 ഇരിപ്പിടങ്ങൾ ഒന്നര മീറ്റർ അകലത്തിൽ ക്രമീകരിക്കും.

എക്സൈസ് ഉദ്യോഗസ്ഥർ ഇത് ഉറപ്പ് വരുത്തണം.

നിർദ്ദേശം പാലിക്കാത്ത ബാറുകൾ പൂട്ടിയിടും.

എക്സൈസ് മന്ത്രി ബാറുടമകളുടെ യോഗം വിളിക്കും

ബെവ്കോയിലെ

നിയന്ത്രണങ്ങൾ:

ഒരു സമയം ഒരു വരിയിൽ 30 പേരിൽ കൂടുതലുണ്ടാവരുത്.

ക്യൂവിൽ നിൽക്കുന്നവർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.

എക്സൈസ് ഉദ്യോഗസ്ഥർ ഇത് ഉറപ്പാക്കണം.