കെ.എസ്.ആർ.ടി.സി ജീവനക്കാരിയുടെ ദുരൂഹ മരണം : അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു

Thursday 19 March 2020 12:39 AM IST

കൊച്ചി : കെ.എസ്.ആർ.ടി.സി ജീവനക്കാരിയായിരുന്ന തിരുവനന്തപുരം സ്വദേശിനി മിനില കൃഷ്‌ണന്റെ മരണം സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി എസ്. നൗഷാദ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

2006 ആഗസ്റ്റ് 17 നാണ് മിനിലയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം ബന്ധുവായ വിജു എന്ന ബാബുവാണെന്ന് മിനില എഴുതിയ കത്തും കണ്ടെടുത്തിരുന്നു.

പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ല. തുടർന്ന് ഹർജിക്കാരൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എന്നാൽ നൗഷാദിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇയാളെ ഒന്നാം പ്രതിയും വിജുവിനെ രണ്ടാം പ്രതിയുമാക്കി കോടതിയിൽ കുറ്റപത്രം നൽകി. ഇക്കാര്യങ്ങൾ വ്യക്തമാക്കി നൗഷാദ് തിരുവനന്തപുരം അഡി. സി.ജെ.എം കോടതിയിൽ മറ്റൊരു പരാതി നൽകി. തുടർന്ന് കുറ്റപത്രം തള്ളിയ കോടതി ശരിയായ അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. അതേ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണ് വീണ്ടും അന്വേഷണം നടത്തുന്നതെന്നും കൃത്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്കയുണ്ടെന്നും നൗഷാദിന്റെ ഹർജിയിൽ പറയുന്നു.