സൗദിയിൽ കൊറോണ പടരുന്നു, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 67 പേർക്ക്, ആശങ്കയോടെ പ്രവാസികൾ

Thursday 19 March 2020 10:39 AM IST

റിയാദ്: സൗദിയിൽ പുതുതായി 67 പേർക്ക് കൂടി ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 238 ആയി ഉയർന്നു. ഇതിൽ നാൽപത്തഞ്ചോളം പേർ രണ്ട് ദിവസം മുമ്പാണ് സൗദിയിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടൺ,​ തുർക്കി,​ സ്‌പെയിൻ,​ സ്വിറ്റ്സർലൻഡ്,​ ഫ്രാൻസ്,​ ഇൻഡോനേഷ്യ, ​ഇറാഖ് എന്നിവടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് നേരെ നിരീക്ഷണ വാർഡിലേക്ക് മാറ്റുകയായിരുന്നു. പതിനൊന്നുപേർ രോഗബാധിതരുമായി അടുത്തിടപഴകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴി‌ഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 67പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അരോഗ്യമന്ത്രാലയം വ്യക്തമാക്കി. 238 പേരിൽ ആറ് പേർ രോഗമുക്തരായി. ബാക്കിയുള്ളവർ ആശുപത്രികളിൽ ചികിത്സയിലാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഷെയ്‌ക്ക് ഹാൻഡുകൾ ഒഴിവാക്കാനും, ​ഇടയ്‌ക്കിടെ കൈകൾ വൃത്തിയാക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.