സർക്കാർ നിർദേശം ലംഘിച്ച് തിരുവനന്തപുരത്ത് ക്ഷേത്രോത്സവവും ആരാധനയും, കേസെടുത്ത് പൊലീസ്: പള്ളികളിൽ പ്രാർത്ഥനകൾ നടത്തിയതിനും കേസ്

Saturday 21 March 2020 9:03 PM IST

തിരുവനന്തപുരം: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാർ പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ച് ഉത്സവവും ആരാധനയും നടത്തിയതിന് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്. ക്ഷേത്രോസവവും ഘോഷയാത്രയും സംഘടിപ്പിച്ചതിന് മലയിന്‍കീഴ്, അഞ്ചല്‍, കുറവിലങ്ങാട്, വെള്ളായണി എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് വെള്ളായണി ക്ഷേത്രം ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.

അതേസമയം മലയിന്‍കീഴ് ക്ഷേത്ര ഭാരവാഹികളായ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങള്‍ക്കിടെ ആറാട്ട് നടത്തിയതിന് നേരത്തെ തന്നെ കേസ് എടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ദുരന്ത നിവാരണ ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ക്രിസ്ത്യൻ, മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതിന് ഒല്ലൂര്‍, വൈത്തിരി, കല്‍പ്പറ്റ, നീലേശ്വരം എന്നീ സ്‌റ്റേഷനുകളിൽ മറ്റ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ കേരളത്തിൽ ആകെ എട്ട് കേസുകളാണ് ഇന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.