ഭീഷണിപ്പെടുത്തി ഭാര്യയെയും മക്കളെയും മതം മാറ്റാൻ ശ്രമം: പ്രതി അറസ്റ്റിൽ
ആലുവ: കുട്ടമശേരി ചാലയ്ക്കലിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ച കേസിലെ പ്രതി ചാലക്കൽ പാലത്തിങ്കൽ വീട്ടിൽ സുലൈമാൻ എന്ന വിളിക്കുന്ന സുശീലനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11 മണിയോടെ പ്രതി വീട്ടിലെത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് എസ്.ഐ ആർ.വിനോദിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സെക്‌ഷൻ 498 എ, 323, 506 (11), 294 ബി വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ്. ഭാര്യ റൈനയും മക്കളും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
സൗദിയിലായിരുന്ന പ്രതി മാർച്ച് മൂന്നിനാണ് നാട്ടിലെത്തിയത്. തുടർന്ന് മതം മാറണമെന്നാവശ്യപ്പെട്ട് ഭാര്യയെയും മക്കളെയും തുടർച്ചയായി ഭീഷണിപ്പെടുത്തി. എതിർത്ത ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാക്കത്തിയുമായി ഓടിക്കുകയും ചെയ്തു. അയൽക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ 12ന് പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെത്തുടർന്ന് 18ന് എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കൊപ്പം യുവതിയും മക്കളും ജില്ലാ പൊലീസ് മേധാവിയെ നേരിൽ കണ്ടിരുന്നു. തുടർന്നാണ് ഡിവൈ.എസ്.പി ജി.വേണുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയത്.
എസ്.ഐക്ക് പുറമേ പ്രൊബേഷണറി എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐമാരായ സുരേഷ്, കെ.വി. സോജി എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കോടതി ജാമ്യം നൽകി.